ലോക്ക് ഡൗണില്‍ നിർത്തലാക്കിയ മദ്യ വിൽപ്പന പുനഃരാരംഭിക്കാൻ തയ്യാറെടുത്ത് സർക്കാർ. മദ്യവില്‍പ്പന കേന്ദ്രങ്ങൾ ബുധനാഴ്ചയോ വ്യാഴാഴ്ചയോ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും. മദ്യം പാഴ്‌സലായി വാങ്ങിക്കാനുള്ള വെര്‍ച്വല്‍ ക്യൂവിന്റെ ആപ്പ് തയ്യാറായി.
ഇതിൻ്റെ ട്രയല്‍ ചൊവ്വാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മാത്രം മദ്യവില്‍പ്പന പുനരാരംഭിച്ചാല്‍ മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
കൊച്ചിയിലെ ഫെയര്‍കോഡ് എന്ന സ്റ്റാര്‍ട്ട് അപ് സ്ഥാപനമാണ് ആപ് നിര്‍മിച്ചത്. ചൊവ്വാഴ്ച നടത്തുന്ന ട്രെയല്‍ റണ്ണിലൂടെ ആപിന്റെ കാര്യക്ഷമത ഉറപ്പുവരുത്തിയ ശേഷം മാത്രമെ മദ്യവില്‍പ്പന പുനരാരംഭിക്കുകയുള്ളു.
മദ്യം ബാറുകളില്‍ നിന്ന് പാഴ്‌സലായി വാങ്ങുന്നതിന് അനുമതി നല്‍കുന്ന ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. മദ്യത്തിന്റെ നികുതി വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. ഗവര്‍ണര്‍ ഇതില്‍ ഒപ്പിടുന്നത് അടക്കമുളള നടപടിക്രമങ്ങളും പൂര്‍ത്തിയാകേണ്ടതുണ്ട്.
