സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ പൊട്ടിതെറിച്ച് ആന ചെരിഞ്ഞ സംഭവം മുതലെടുത്ത് മലപ്പുറത്തിന് നേരെ വിദ്വേഷ പ്രചരണം നടത്തുകയാണ് സംഘപരിവാർ. മുസ്ലീം ഭൂരിപക്ഷ പ്രദേശമായതിനാലാണ് മലപ്പുറത്തെ ആരോപണ വിധേയമാക്കുന്നത്.
ആന ചരിഞ്ഞത് പാലക്കാട് ആണെങ്കിലും മലപ്പുറം എന്ന് ഹാഷ് ടാഗോടെയാണ് സംഘപരിവാർ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്. ഇത് തെറ്റാണെന്ന് മനസിലാക്കിയിട്ടും തിരുത്താൻ തയ്യാറാകാത്ത ബിജെപി വക്താവ് സന്ദീപ് ജി വാര്യരുടെ നയത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ അജു വര്‍ഗീസ്.
കേരള, മലപ്പുറം, ലിറ്ററേറ്റ് മലയാളി എന്നീ ഹാഷ്ടാഗുകളോടെയാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. പാലക്കാട് നടന്ന സംഭവത്തിന് മലപ്പുറം എന്ന് ഹാഷ് ടാഗ് ഉപയോഗിച്ചതിന് പിന്നിലെന്ന് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു അത് തിരുത്താന്‍ തയ്യാറല്ലായെന്ന് അദ്ദേഹം പറഞ്ഞത്.
പാലക്കാട്-മലപ്പുറം ബോര്‍ഡറിലാണ് സംഭവം നടന്നതെന്നും എന്‍ഡിടിവി അങ്ങനെയാണ് റിപ്പോര്‍ട്ട് ചെ്‌യ്തതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. എന്നാല്‍ പാലക്കാട് ജില്ലയിലെ തിരുവിഴാംകൂര്‍ പഞ്ചായത്തിലാണ് സംഭവം നടന്നതെന്ന് അവതാരകന്‍ പറഞ്ഞു. പിന്നാലെ സംഭവം എവിടെ നടന്നാലെന്താ? ഒരു ജീവന്‍ നഷ്ടപ്പെട്ടില്ലെയെന്നായിരുന്നു സന്ദീപ് വാര്യറുടെ മറുപടി.
എങ്കില്‍ സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പില്‍ എന്തിനാണ് മലപ്പുറം എന്ന് ഹാഷ് ടാഗ് കൊടുത്തിരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ആ വാര്‍ത്തയുമായി ബന്ധപ്പെട്ട് അതായിരുന്നു ട്രെന്റിംഗ് ഹാഷ് ടാഗെന്നും വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ മലപ്പുറത്താണ് സംഭവം നടന്നതെന്ന് പറഞ്ഞിരുന്നുവെന്നും സന്ദീപ് വാര്യര്‍ മറുപടി നല്‍കി.
നിലവില്‍ സത്യാവസ്ഥ ബോധ്യപ്പെട്ടല്ലോ എങ്കില്‍ ഹാഷ് ടാഗ് തിരുത്തി കൂടെയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ തിരുത്തട്ടെ. സംഭവം നടന്നത് മലപ്പുറം ആയാലും പാലക്കാട് ആയാലും ഹാഷ്ടാഗ് തിരുത്തില്ലായെന്നായിരുന്നു സന്ദീപ് വാര്യരുടെ മറുപടി. മലപ്പുറം ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ലല്ലോ? മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്താണ് ഇത്ര പ്രശ്‌നമെന്നും സന്ദീപ് വാര്യര്‍ ചോദിക്കുന്നു.
ഈ പ്രതികരണത്തിൻ്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് അജു വർഗീസ് പ്രതികരണം നടത്തിയിരിക്കുന്നത്. ഒരു ആനയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ‘എന്നെ ഒരു കേരളീയനും കൊല്ലൂലെടി…നന്നായിട്ടുണ്ട് വർഗീയ കളി… പക്ഷെ സ്ഥലം മാറി പോയി’ എന്നൊരു പോസ്റ്റും താരം ഇട്ടിട്ടുണ്ട്.
അതിന് ശേഷമാണ് സന്ദീപ് വാര്യരുടെ പ്രതികരണം പങ്കുവച്ച് മലപ്പുറം എന്താണ് ചെയ്തതെന്ന് അറിയണമെന്ന് അദ്ദേഹം ചോദിക്കുന്നത്. മാത്രമല്ല സംഘപരിവാറിൻ്റെ സ്ഥിരം ആക്രമണ രീതിയെയും താരം കളിയാക്കുന്നുണ്ട്.
