ആദ്യമെത്തിക്കുന്നത് യുഎഇയിലെ പ്രവാസികളെ; രോഗികൾക്കും ഗർഭിണികൾക്കും പ്രഥമ പരിഗണന

ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസർക്കാർ ഒരുങ്ങുകയാണ്. സംസ്ഥാനങ്ങളോട് ക്രമീകരണങ്ങൾ ഒരുക്കാൻ ആവശ്യപ്പെട്ടിയ്യുണ്ട്. കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധേയ നീക്കം.

യുഎഇയിലെ പ്രവാസികളെയായിരിക്കും ആദ്യം നാട്ടിലെത്തിക്കുക. രണ്ടാം ഘട്ടത്തിലായിരിക്കും മറ്റു ഗൾഫ് നാടുകളിലുള്ളവരെ തിരിച്ചെത്തിക്കുക. ഇവർക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കുന്ന കാര്യമാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്. കുവൈറ്റിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഒരു മാസത്തെ സാവകാശം വേണമെന്ന് കുവൈറ്റ് ഭരണകൂടത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

രോഗികള്‍, ഗര്‍ഭിണികള്‍, വിസിറ്റിങ് വിസയിലെത്തിയവര്‍ തുടങ്ങിയവര്‍ക്കായിരിക്കും ആദ്യ പരിഗണന. ഗള്‍ഫിലെ വ്യവസായികളുടെ കൂടി സഹകരണത്തോടെ പ്രവാസികളെ ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്നത്. വന്നിറങ്ങുന്ന പ്രവാസികളെ മാറ്റി പാര്‍പ്പിക്കാന്‍ ഓരോ സംസ്ഥാനവും നടത്തിയിരിക്കുന്ന മുന്നൊരുക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ട്.

മൂന്ന് രീതിയിലാണ് ആളുകളെ ഇന്ത്യയിലെത്തിക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയില്‍ നിന്ന് പ്രത്യേക വിമാനങ്ങള്‍ അയച്ച് ആളുകളെ തിരിച്ചെത്തിക്കാനും ആലോചിക്കുന്നുണ്ട്. ഇതിനു പുറമെ കപ്പല്‍ വഴിയും ആളുകളെ എത്തിക്കാന്‍ പദ്ധതിയുണ്ട്. ഗള്‍ഫില്‍ നിന്ന് എത്തുന്നവരെ ഓരോ സംസ്ഥാനവും ക്വാറന്റൈന്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റണം. പ്രവാസികളെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച് ഓരോ സംസ്ഥാനത്തോടും കേന്ദ്രം അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിന് സമ്മതം അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിലെ വിമാനസര്‍വീസ് തന്നെ കേരളത്തിലേയ്ക്ക് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ആഴ്ചതന്നെ പ്രവാസികളെ എത്തിച്ചു തുടങ്ങും എന്നാണ് നയതന്ത്ര കാര്യാലയങ്ങള്‍ നല്‍കുന്ന സൂചന.

Vinkmag ad

Read Previous

ഗള്‍ഫിനെ തകര്‍ക്കാന്‍ കോവിഡിനാകില്ല; ആശങ്കവേണ്ടെന്ന് ഐ എം എഫ് റിപ്പോര്‍ട്ട്

Read Next

ലോകം കോവിഡില്‍ വിറയ്ക്കുന്നു; മരണം ഒന്നര ലക്ഷത്തിലേയക്ക്; അമേരിക്കയില്‍ മാത്രം മരണം 2000 കടന്നു

Leave a Reply

Most Popular