1992 ല്‍ പൊളിച്ചുമാറ്റിയ ബാബറി മസ്ജിദിനു പകരം അവിടെ രാമക്ഷേത്രം പണിയാനായിരുന്നു കഴിഞ്ഞ വര്‍ഷം നവംബറില്‍ സുപ്രീം കോടതി ഉത്തരവിട്ടത്. പള്ളി പണിയാന്‍ മുസ്‌ലീങ്ങള്‍ക്ക് അയോധ്യയില്‍ മറ്റെവിടെയെങ്കിലും അഞ്ച് ഏക്കര്‍ സ്ഥലം അനുവദിക്കണമെന്നുമായിരുന്നു സുപ്രീംകോടതി പറഞ്ഞത്.
ബാബറി മസ്ജിദ് പള്ളിക്ക് പകരമായി നിർമിക്കുന്ന മുസ്ലിം പള്ളിയുടെ ഉത്‌ഘാടനത്തിനു താൻ പങ്കെടുക്കില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത് വാൻ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു .മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് ആദിത്യനാഥ് പറഞ്ഞതെന്നും പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം ജനങ്ങളോട് മാപ്പുപറയണമെന്നും സമാജ് വാദി പാര്‍ട്ടി ആവശ്യപ്പെട്ടു.
അതേ സമയം ഇക്കാര്യത്തിൽ കോൺഗ്രസ് ഒന്നും പ്രതികരിച്ചിട്ടില്ലായെന്നതും ശ്രദ്ധേയമാകുന്നു .ആദിത്യനാഥിന്റെ പ്രസ്താവന സത്യപ്രതിജ്ഞ ലംഘനമാണെന്നായിരുന്നു സമാജ്വാദി പാര്‍ട്ടി വക്താവ് പവന്‍ പാണ്ഡെ പറഞ്ഞത്.
‘അദ്ദേഹം മുഴുവന്‍ സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിയാണ്, അല്ലാതെ ഹിന്ദു സമൂഹത്തിന്റെ മാത്രമല്ല. സംസ്ഥാനത്തെ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും ജനസംഖ്യ എന്തുതന്നെയായാലും, അദ്ദേഹം എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ അന്തസ്സിന് നിരക്കുന്ന ഭാഷയല്ല അദ്ദേഹം ഉപയോഗിച്ചത്. ഇത്തരമൊരു പ്രസ്താവന നടത്തിയതില്‍ അദ്ദേഹം ജനങ്ങളോട് മാപ്പു പറയുക തന്നെ വേണം’ പാണ്ഡെ പറഞ്ഞു
