ആഗോള എണ്ണവിലയിൽ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്തെ ഉപഭോക്താക്കൾക്ക് അതിൻ്റെ ഫലം അനുഭവിക്കാനാകാത്ത വിധത്തിലാണ് കേന്ദ്ര ഇടപെടൽ. പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുത്തനെ കൂട്ടി.
പെട്രോളിന്റേത് ലീറ്ററിന് 10 രൂപയും ഡീസലിന്റേത് 13 രൂപയുമാണ് വർധിപ്പിച്ചത്. റോഡ് സെസ് ഉൾപ്പെടെയാണ് വർധന. 1.6 ലക്ഷം കോടി രൂപയാണ് ഇതിലൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് വിൽപ്പന വിലയെ ബാധിക്കില്ലെന്ന് കേന്ദ്രം.
സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആന്‍ഡ് കസ്റ്റംസ് തീരുവ സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. മെയ് ആറ് മുതൽ തീരുവ നിലവിൽ വരും. വികസന പദ്ധതികൾക്ക് പണം കണ്ടെത്തുന്നത് പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്സൈസ് തീരുവയിൽ നിന്നാണെന്നും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.
ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും മാർച്ചിനു ശേഷം ഇതു രണ്ടാം തവണയാണ് കേന്ദ്ര സർക്കാർ ഇന്ധന നികുതി വര്‍ധിപ്പിക്കുന്നത്. ഇതിന് മുൻപു മാര്‍ച്ച് 16നായിരുന്നു വര്‍ധനവ് കൊണ്ടുവന്നത്. പെട്രോളിനും ഡീസലിനും മൂന്നു രൂപയാണ് അന്ന് എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചത്.
ചൊവ്വാഴ്ചത്തെ വർധനവോടെ പെട്രോളിന്റെ ആകെ എക്സൈ തീരവ ലീറ്ററിന് 32.98 രൂപയും ഡീസലിന്റേത് ലീറ്ററിന് 31.83 രൂപയുമായി. 2014ൽ മോദി സർക്കാർ അധികാരമേൽക്കുമ്പോൾ പെട്രോളിന് ആകെ തീരുവ ലീറ്ററിനു 9.48 രൂപയും ഡീസലിന് ലീറ്ററിന് 3.56 രൂപയുമായിരുന്നു.
