പോലീസുകാരനുൾപ്പെടെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ഡൽഹിയിലെ ആസൂത്രിത കലാപത്തിന് കാരണക്കാരനായ ബിജെപി നേതാവും മുൻ എംഎൽഎയുമായ കപിൽ മിശ്രക്കെതിരെ പോലീസിൽ പരാതി. ജാമിയ കോർഡിനേഷൻ കമ്മിറ്റിയാണ് പരാതി നൽകിയത്. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പൗരത്വ വിരുദ്ധ സമരത്തിനെതിരെ പോലീസിൻ്റെ സാന്നിധ്യത്തിൽ കപിൽ മിശ്ര നടത്തിയ കാലാപാഹ്വാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സമരം നയിച്ചെത്തിയ കപിൽ മിശ്ര പോലീസിനും സമരക്കാർക്കും അന്ത്യശാസനം നൽകുന്നതാണ് വീഡിയോയിലുള്ളത്.
ഞായറാഴ്ച ജാഫറാബാദിൽ സമാധാനപരമായി സ്ത്രീകൾ നടത്തിവരുന്ന ഷഹാൻബാഗ് മോഡൽ സമര സ്ഥലത്തേക്കാണ് ആക്രമിക്കാൻ തയ്യാറായ ഒരു സംഘത്തെയും നയിച്ച് കപിൽ മിശ്ര എത്തിയത്. ഇവരാണ് പിന്നീട് ആക്രമണത്തിന് തുടക്കമിട്ടത്. ഇവർ മനഃപൂർവ്വം സൃഷ്ടിച്ച സംഘർഷത്തിലാണ് പോലീസുകാരനുൾപ്പെടെ കൊല്ലപ്പെട്ടത്.
‘‘ഇത് ഡല്‍ഹി പൊലീസിനുള്ള അന്ത്യശാസനമാണ്. ചെവിക്കൊണ്ടില്ലെങ്കിൽ ഞങ്ങള്‍ പിന്നെ നിങ്ങളുടെ വാക്കുകള്‍ക്ക് ചെവികൊടുക്കില്ല. വെറും മൂന്നു ദിവസം മാത്രം’’ എന്നായിരുന്നു ഡി.സി.പി വേദ് പ്രകാശിനെ സാക്ഷിനിർത്തി കപിൽ മിശ്രയുടെ ഭീഷണി. തുടർന്നാണ് മുസ്ലീങ്ങൾക്കെതിരെ ചേരിതിരിഞ്ഞുള്ള ആക്രമണം ആരംഭിച്ചത്.
ആക്രമണങ്ങളിൽ തിങ്കളാഴ്ച പൊലീസ് ഉദ്യോഗസ്ഥൻ അടക്കം അഞ്ചുപേർ കൊല്ലപ്പെടുകയും നിരവധി കടകളും വാഹനങ്ങളും അഗ്നിക്കിരയാകുകയും ചെയ്തു. നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രിയിൽ പ്രധാന റോഡുകളിൽ നിറയെ ആയുധമേന്തിയ ഹിന്ദുത്വവാദികൾ തടിച്ചുകൂടിയിരുന്നു.
