ആം ആദ്മിയും കേജ്രിവാളും ബിജെപിയുടെ ബി ടീമോ? രാജ്യത്തെ കാവി പുതപ്പിക്കാന്‍ സംഘിഗൂഢാലോചനയോ

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 62 സീറ്റുകളും തൂത്തുവാരി ആംആദ്മി അധികാരത്തിലേറിപ്രതയപ്പോള്‍ ജനങ്ങള്‍ക്ക് അത്രമേല്‍ പ്രതീക്ഷയായിരുന്നു, വിശ്വാസമായിരുന്നു അരവിന്ദ് കെജ്രിവാള്‍ എന്ന നേതാവിനെ. എന്നാല്‍ ആ പ്രതീക്ഷകളൊക്കെയും, വിശ്വാസമൊക്കെയും ഇന്ന് ചോര്‍ന്നു പോയിക്കഴിഞ്ഞു.

ഡല്‍ഹി കലാപത്തില്‍ മൗനം ഭജിച്ചവര്‍ ഇന്ന് രാജ്യത്തിന്റെ ആകെയുള്ള പ്രതീക്ഷയിലും കൊള്ളിവച്ചിരിക്കുകയാണ്. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചുള്ള രാജ്യദ്രോഹക്കേസില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അദ്ധ്യക്ഷനും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ കൊടുത്ത അനുമതി പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത വെല്ലുവിളിയായി തന്നെ കനയ്യ കുമാര്‍ ഉയര്‍ന്നു വന്നിരിക്കുന്ന ഘട്ടത്തിലാണ് കെജ്രിവാളിന്റെ ഈ ഇരട്ടത്താപ്പ്….
അധികാരവും പദവിയും കെജ്രിവാളിന്റെ കണ്ണിലും കാവി നിരത്തി കഴിഞ്ഞിരിക്കുകയാണെന്ന് നാള്‍ക്കുനാള്‍ വെളിപ്പെടുകയാണ്.

സംഘപരിവാറിന്റെ ആഗ്രഹങ്ങള്‍ക്ക് വഴിമാറി കൊടുത്ത് വോട്ടു ചെയ്ത് അധികാരത്തിലെത്തിച്ച ജനങ്ങളെ വഞ്ചിക്കുകയാണ്, രാജ്യത്തെ സംഘപരിവാറിന്റെ നെറികെട്ട കരങ്ങളിലേക്ക് എറിഞ്ഞു കൊടുക്കുകയാണ് കെജ്രിവാള്‍. എതിര്‍ ശബ്ദങ്ങളെ വെട്ടിനിരത്തുന്ന മോദി- അമിത് ഷാമാരുടെ കഠാരത്തുമ്പിലേക്ക് രാജ്യത്തെ വച്ചുകൊടുത്തു കഴിഞ്ഞു കെജ്രിവാളിന്ന്. രാജ്യത്തെ കാവിവത്കരിക്കാന്‍ കെജ്രിവാള്‍ മറയൊരുക്കുകയാണോ എന്ന സംശയം കൂടുതല്‍ ശക്തമാകുകയാണ്…
കനയ്യ കുമറിനെതിരേ അതിവേഗത്തില്‍ ഇത്തരത്തിലൊരു നടപടിയുമായി മുന്നോട്ടു സര്‍ക്കാര്‍ മുന്നോട്ടു വരുമ്പോള്‍ അത് തന്നെയാണ് വ്യക്തമാകുന്നതും.

ആംആദ്മി പാര്‍ട്ടി ദേശീയ വക്താവും ഡല്‍ഹി എംഎല്‍എയുമായ രാഘവ് ചദ്ദയാണ് കനയ്യ കുമാറിനെ വിചാരണ ചെയ്യുന്ന നടപടി പിന്‍വലിക്കില്ലെന്ന ഡല്‍ഹി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഡല്‍ഹി നിയമ വകുപ്പ് വളരെ ശ്രദ്ധയോടെ വിഷയം പഠിച്ചതിന് ശേഷം തങ്ങളുടെ അഭിപ്രായം സംസ്ഥാന ആഭ്യന്തര വകുപ്പിനെ അറിയിച്ചു. അതിന് ശേഷമാണ് കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി കൊടുത്തത്. തങ്ങളുടെ നയവും നിലപാടും അനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷം ആരുടെയും വിചാരണ നടപടിക്ക് അനുമതി നല്‍കുന്നത് തടഞ്ഞിട്ടില്ല. ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്കെതിരെയുള്ള കേസുകളിലും സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടില്ല, ആ കേസുകളൊക്കെ സാധാരണ നിയമ നടപടി അനുസരിച്ച് നടക്കുകയാണ്. വിചാരണ ചെയ്യുന്നതിനെ കുറിച്ച് തീരുമാനമെടുക്കേണ്ട സംവിധാനം സര്‍ക്കാരല്ല ജുഡീഷ്യറിയാണെന്നും രാഘവ് ചദ്ദ പറഞ്ഞു.

വളരെ വിദഗ്ധമായി ആംആദ്മി ബിജെപി കയറി മേയാന്‍ പാകത്തിന് കളമൊരുക്കി വച്ചിട്ട് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നു പറഞ്ഞ് കൈകഴുകി മാറിയിരിക്കുകയാണ് ഈ ഘട്ടത്തില്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാറിന്റെ ഈ നടപടിയോട് കനയ്യ കുമാര്‍ പ്രതികരിച്ചിരിക്കുന്നത് ഡല്‍ഹി സര്‍ക്കാരിന് നന്ദി എന്നാണ്. തന്റെ വിചാരണ ടെലിവിഷന്‍ ചാനലുകളില്‍ നടത്താതെ എത്രയും വേഗത്തില്‍ കോടതിയില്‍ നിയമപ്രകാരം നടത്തണമെന്നും കനയ്യ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും കെജ്രിവാള്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയം ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.

ആട്ടില്‍ തൊലിട്ട ചെന്നായ എന്ന് പല വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നപ്പോള്‍ അതൊന്നും കാര്യമായെടുത്തില്ല. എന്നാല്‍ ഇന്ന് താങ്കള്‍ തന്നെ അത് വെളിപ്പെടുത്തി കഴിഞ്ഞ സ്ഥിതിക്ക് ജനങ്ങള്‍ക്ക് പറയാന്‍ ഒന്നെയുള്ളൂ, രാജ്യമൊട്ടാകെ മുഴങ്ങിക്കേള്‍ക്കുന്ന ആസാദി മുദ്രാവാക്യം, അധികാരത്തിന്റെ കോട്ട കൊത്തളങ്ങളില്‍ ചെകിടടിക്കുന്ന സ്വരത്തില്‍ മുഴങ്ങി കേള്‍ക്കുന്ന ആ ആസാദി മുദ്രാവാക്യത്തെ അമര്‍ച്ച ചെയ്യാന്‍ ആരു തന്നെ മുന്നോട്ടു വന്നാലും ഈ ജനാധിപത്യ രാജ്യത്ത് അത് വിലപ്പോവില്ല. അങ്ങനെ അടിച്ചമര്‍ത്തല്‍ നയവുമായി ആരു തന്നെ മുന്നോട്ടു വന്നാലും സംഘപരിവാറിന് വഴിയൊരുക്കി കൊടുത്താലും ഇവിടുത്തെ ജനങ്ങള്‍ ശക്തമായി തന്നെ ഇതിനെ ചോദ്യം ചെയ്ത് മുന്നോട്ടു വരിക തന്നെ ചെയ്യും..

Vinkmag ad

Read Previous

അമിത് ഷായുടെയും സംഘപരിവാറിൻ്റെയും കണക്ക്കൂട്ടലുകൾ തെറ്റിച്ച ഡൽഹി ജനത; ദുരന്തമുഖത്ത് നന്മയുടെ പ്രകാശം പരത്തിയവരുടെ കഥ

Read Next

ഇത് തകർത്തെറിയപ്പെട്ട സിറിയ അല്ല; ശിവ വിഹാർ: പ്രേതനഗരമായി മാറിയ ഡൽഹിയുടെ പരിച്ഛേതം

Leave a Reply

Most Popular