കോഴിക്കോട് അസിസ്റ്റൻ്റ് കളക്ടറായി ചുമതലയേൽക്കുന്ന വയനാട്ടിൽ നിന്നുള്ള ശ്രീധന്യയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശ്രീധന്യക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുന്നതിനായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അപമാനകരമായ പദമുപയോഗിച്ചിരിക്കുന്നത്.
ശ്രീധന്യയുടെ ചിത്രവും ചേർത്തിട്ടുള്ള പോസ്റ്റിൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ള വ്യക്തിയാണ് ശ്രീധന്യ എന്ന് സൂചിപ്പിക്കാനാണ് ‘വനവാസികൾ’ എന്ന ആക്ഷേപ പദം സുരേന്ദ്രൻ ഉപയോഗിച്ചത്. പ്രയോഗത്തിനെതിരെ കമൻ്റ് ബോക്സിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
കേരളത്തിൽ ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവ്വീസ് നേടുന്ന ആദ്യ വനിതയാണ് ശ്രീധന്യ. വയനാട്ടിൽ നിന്നും ആദ്യമായി ഐഎഎസ് നേടുന്നതും ശ്രധന്യയാണ്. കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ചുമതലയേല്‍ക്കാനൊരുങ്ങുകയാണ് ശ്രീധന്യ.
വയനാട്ടില്‍ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ സ്വദേശിയായ ശ്രീധന്യ ആദിവാസി വിഭാഗത്തിലെ കുറിച്യ സമുദായംഗമാണ്. തരിയോട് നിര്‍മല ഹൈസ്‌കുളിലായിരുന്നു ശ്രീധന്യയുടെ പ്രാഥമിക വിദ്യാഭ്യാസം.
