അവര്‍ ആദ്യം വെറുപ്പ് വളര്‍ത്തിയെടുത്തു….ഇതാണ് കലാപത്തിന് പിന്നില്‍; ഇതിന് ഉത്തരവാദി മോദിയും ബിജെപിയുമെന്ന് ദ ഗാര്‍ഡിയന്‍

സംഘപരിവാറിന്റെ വെള്ളവും വളവും ഊറ്റി വളര്‍ന്നു പന്തലിച്ച മോദിയും അമിത്ഷായുമാണ് ഇന്നാട്ടിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് ഇന്നാട്ടിലെ ജനങ്ങള്‍ മുഴുവന്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു… അതുകൊണ്ടുതന്നെയാണല്ലോ രാജ്യതലസ്ഥാനം നിന്നു കത്തുമ്പോഴും വീണ വായിക്കുന്ന നിലപാട് അവര്‍ സ്വീകരിച്ചത്…ഇപ്പോഴിതാ അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയനും ഡല്‍ഹി കലാപത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഭജനപരമായ നയങ്ങള്‍ ആണെന്ന് വിമര്‍ശിച്ചു കൊണ്ട്മുഖപ്രസംഗം എഴുതിയിരിക്കുകയാണ്…

പതിറ്റാണ്ടുകള്‍ക്ക് ശേഷം ഡല്‍ഹി കണ്ട ഏറ്റവും ഭീകരമായ വര്‍ഗീയ സംഘര്‍ഷത്തിന് കാരണം പെട്ടന്നുണ്ടായ കാരണങ്ങള്‍ മാത്രമോ കാലാകാലങ്ങളായി നിലനില്‍ക്കുന്ന മത ചേരിതിരവോ അല്ലെന്ന് ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഗാര്‍ഡിയന്‍ ദിനപത്രം വ്യക്തമാക്കുന്നു . മുസ്ലീം പള്ളികളും വ്യാപര സ്ഥാപനങ്ങളും തകര്‍ക്കുകയും വീടുകളില്‍ കയറി അവരെ ആക്രമിക്കുകയും ചെയതതിന് പിന്നില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ വെറുപ്പ് വളര്‍ത്തിയെടുത്തതാണ് കാരണം എന്ന് പത്രം പറയുന്നു. ബിജെപിയും മോദിയുമാണ് ഇതിന് ഉത്തരവാദികളെന്ന് പത്രം കുറ്റപ്പെടുത്തുകയും ചെയ്യുന്നു . മോദി അധികാരത്തിലേറിയതു മുതല്‍ നടപ്പിലാക്കുന്ന ഹിന്ദുത്വ അജണ്ടകളും ഗുജറാത്ത് കലാപവും ഉള്‍പ്പെടെ ഈയടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ മുസ്ലിം വിരുദ്ധ പ്രസ്താവനകളും കൂടി ഇതില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് .

ഡല്‍ഹിയില്‍ നടന്ന കലാപം അപ്രതീക്ഷിതമോ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വര്‍ഗീയ ശത്രുതയുടെ ഫലമോ ആയി കാണാനാവില്ലെന്നും പകരം ബി.ജെ.പി രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുള്ള സംഘര്‍ഷമാണെന്നും ഗാര്‍ഡിയന്‍ പറയുന്നു.

‘മതേതരത്വത്തിന്റെയും തുല്യതയുടെയും പാതയില്‍ നിന്ന് വിട്ട് വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും പാതയിലേക്ക് ഇവര്‍ ഇന്ത്യയെ നയിക്കുന്നു’ എന്ന് ഗാര്‍ഡിയന്‍ എഡിറ്റോറിയലില്‍ തുറന്നടിച്ചിരിക്കുകയാണ് .ബി.ജെ.പി നേതാവ് കപില്‍ മിശ്ര ഉള്‍പ്പെടുന്നവര്‍ ആള്‍ക്കൂട്ടത്തെ ആക്രമണത്തിന് പ്രേരിപ്പിക്കുകയും ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും നിരവധി നിരായുധരായ മുസ്ലിങ്ങള്‍ ഹിന്ദു തീവ്രവാദികളുടെ ആക്രമണത്തിനിരയായെന്നും എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഒപ്പം ബംഗാളിലെ കുടിയേറ്റക്കാരായ മുസ്ലിം ജനങ്ങളെ ബംഗാള്‍ ഉള്‍ക്കടലില്‍ വലിച്ചെറിയുമെന്ന അമിത് ഷായുടെ മുന്‍ പ്രസ്താവനയെയും ഗാര്‍ഡിയന്‍ എടുത്തു പറയുന്നു.

ഡല്‍ഹി സംഘര്‍ഷത്തെ തുടര്‍ന്ന് അമിത് ഷാ രാജി വെക്കണമെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ ആവശ്യപ്പെട്ടത് ശരിയാണെന്നും ഗാര്‍ഡിയന്‍ അഭിപ്രായപ്പെടുന്നു. സമാധാനം പാലിക്കണമെന്ന മോദിയുടെ ആഹ്വാനം വളരെ വൈകിയായിരുന്നെന്ന് പറയുന്ന ഗാര്‍ഡിയന്‍ പിന്നീട് ചൂണ്ടിക്കാട്ടുന്നത് 2002 ലെ ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കിനെക്കുറിച്ചാണ്.1000 ത്തിലേറെ മുസ്ലിങ്ങളുടെ മരണത്തിനിടയാക്കിയ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് അമേരിക്കയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയ സംഭവം ഗാര്‍ഡിയന്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഒപ്പം തുടര്‍ച്ചയായി ഇന്ത്യന്‍ പ്രധാനമന്ത്രിയായി വിജയിച്ചതാണ് അന്താരാഷ്ട്ര തലത്തില്‍ മോദിയുടെ ഈ മുഖം മാറാന്‍ കാരണമായതെന്നും എഡിറ്റോറിയലില്‍ പറയുന്നു.

ഡല്‍ഹിയില്‍ സംഘര്‍ഷം നടന്നു കൊണ്ടിരുന്നതിനിടയിലും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീവ്രദേശീയവാദിയായ ഇദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതില്‍ അത്ഭുതമില്ല എന്നാല്‍ മറ്റു പല നേതാക്കളും മോദിയുടെ വലതുപക്ഷ അജണ്ടകളെ അംഗീകരിക്കുന്നു എന്നത് അത്ഭുതപെടുത്തുന്നതാണെന്നും ദ ഗാര്‍ഡിയന്‍ കുറിക്കുന്നു..ഒപ്പം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയുടെ അലസമായ ഇടപടലില്‍ പൊതു ജനം അസംതൃപ്തി പ്രകടിപ്പിക്കുണ്ട് . അക്രമത്തിലെ ഇരകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പൂര്‍ണമായും പരാജയപെട്ടു.

പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിക്കുന്നതിനോടൊപ്പം കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിയെയും എഡിറ്റോറിയലില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഇങ്ങനെയെല്ലാം ഗാര്‍ഡിയന്‍ എന്ന അന്താരാഷ്ട്ര മാധ്യമം തുറന്നെഴുതുമ്പോള്‍ അവിടെ പിച്ചി ചീന്തപ്പെടുന്നത് ഇന്ത്യാ മഹാരാജ്യത്തിന്റെ മഹത്തായ ചിത്രമാണ്..അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇന്ത്യാ നാറി നാണംകെട്ടുകഴിഞ്ഞുവെന്ന് പറയാം..ഇന്ത്യന്‍ പ്രധാനമന്ത്രിയും ആഭ്യന്തമന്ത്രിയും അവരെ വെള്ളവും വളവുമിട്ട് വളര്‍ത്തുന്ന സംഘപരിവാറുമാണ് അതിന് കരണമെന്നത് നിസ്സഹായതയോടെ ഓര്‍ക്കാം

Vinkmag ad

Read Previous

നാല് ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആറിന് നിർദ്ദേശം; സർക്കാരും പോലീസും ഏറ്റുവാങ്ങിയത് കടുത്ത വിമർശനം

Read Next

ഡല്‍ഹിയില്‍ ഇന്നലെ രാത്രിയും അക്രമങ്ങള്‍; രണ്ടു പേര്‍ കൊല്ലപ്പെട്ടു; രണ്ട് യുവാക്കള്‍ക്ക് വെടിയേറ്റു

Leave a Reply

Most Popular