അറബ് സ്ത്രീകളെക്കുറിച്ച് ലൈംഗീക അധിക്ഷേപം നടത്തിയ ബിജെപി എംപിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വൻ പ്രതിഷേധം. ബംഗളുരു സൗത്തിലെ ബി.ജെ.പി. എം.പി തേജസ്വി സൂര്യയാണ് അറബ് സ്ത്രീകൾക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയത്.
തേജസ്വി സൂര്യ തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അറബ് സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയത്. വലിയ പ്രതിഷേധം അറബ് മേഖലയിൽ നിന്നും ഉയർന്നതിനെത്തുടർന്ന് തേജസ്വി തൻ്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അറബ് മേഖലയിൽ ഇന്ത്യയിലെ സംഘപരിവാർ മുസ്ലീങ്ങൾക്കെതിരെ നടത്തുന്ന ക്രൂരതകൾ വലിയ ചർച്ചയാണ്. അറബ് രാഷ്ട്രീയ പ്രമുഖരും എഴുത്തുകാരും സംഘപരിവാർ വർഗ്ഗീയതയെക്കുറിച്ച് നിവധി ട്വീറ്റുകളാണ് ചെയ്തിരിക്കുന്നത്.
രാജ്യമോ മതമോ ജാതിയോ സംബന്ധിച്ച വിവേചനങ്ങൾ നിയമം മൂലം നിരോധിച്ചിരിക്കുന്ന യു.എ.ഇ പോലുള്ള രാജ്യങ്ങളിൽ വംശീയ പോസ്റ്റുകളിലൂടെ ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നവർക്കെതിരെ രാജകുടുംബാംഗങ്ങളും സാംസ്കാരിക പ്രവർത്തകരും മതപണ്ഡിതരുമെല്ലാം ശബ്ദമുയർത്തുകയാണിപ്പോൾ.
നിരവധി സംഘ്പരിവാർ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ കാലത്തും വർഗീയത പരത്തിയതിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്.
മലയാളി വ്യവസായി സോഹൻ റോയ് വംശീയ വർഗീയ അധിക്ഷേപം വമിക്കുന്ന കവിത പോസ്റ്റു ചെയ്തതും വിവാദമായിട്ടുണ്ട്. തൻ്റെ കവിതയിൽ വർഗീയത ഇല്ലായിരുന്നുവെന്നും ഗ്രാഫിക് ഡിസൈൻ ചെയ്തയാൾക്ക് പറ്റിയ പിഴവാണെന്നുമാണ് റോയിയുടെ വാദം. എന്നാൽ ഇദ്ദേഹത്തിൻ്റെ മറ്റു നിരവധി കവിതകളും അതിഥി തൊഴിലാളികളെയും ന്യൂനപക്ഷങ്ങളെയും അവഹേളിക്കുന്നവയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
