സോഷ്യൽമീഡിയ വിദ്വേഷ പ്രചരണത്തിനുള്ള വേദിയാക്കുന്ന സംഘപരിവാറിന് തിരിച്ചടി നേരിടുന്നു. സംഘപരിവാറിൻ്റെ വ്യാജ പ്രചടരണങ്ങൾക്കും മുസ്ലീം വിരുദ്ധതയ്ക്കുമെതിരെ അറബ് നാടുകളിലെ പ്രമുഖർ രംഗത്ത് വന്നതാണ് കേന്ദ്രസർക്കാരിനടക്കം തിരിച്ചടി ആയിരിക്കുന്നത്.
ബിജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രചരണങ്ങൾ നീക്കം ചെയ്യാൻ കേന്ദ്രം ട്വിറ്റർ അധികൃതരോട് ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ വിദ്വേഷ പ്രചരണം ലക്ഷ്യം വെക്കുന്ന ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. വിദ്വേഷ പ്രചരണവും വര്‍ഗീയതയും നിറഞ്ഞ നൂറിലധികം ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര ഐ.ടി മന്ത്രാലയം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്നാണ് ബെംഗളൂരു സൌത്ത് എം.പി കൂടിയായ തേജസ്വി സൂര്യയുടെ ട്വീറ്റും നീക്കം ചെയ്യപ്പെടുന്നത്. ഐ.ടി ആക്ടിന്‍റെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. രാജ്യത്ത് സംഘ്പരിവാർ നേതൃത്വത്തിൽ നടക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമണങ്ങളും വിദ്വേഷപ്രചരണവും അന്താരാഷ്ട്രതലത്തിൽ ചർച്ചയായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിൻറെ നടപടി എന്നതും ശ്രദ്ധേയമാണ്. 2015ല്‍ തേജസ്വി സൂര്യയുടെ ഏറ്റവും വിവാദമായ ഒരു ട്വീറ്റ് ഉള്‍പ്പടെ 121 ട്വീറ്റുകളാണ് നീക്കം ചെയ്യപ്പെട്ടത്.
‘ശരിയാണ്, ഭീകരതക്ക് മതമില്ല. എന്നാല്‍ തീവ്രവാദിക്ക് തീര്‍ച്ചയായും മതമുണ്ട്, ഭൂരിപക്ഷം കേസുകളിലും അത് ഇസ്ലാമാണ്’. ഇതായിരുന്നു തേജസ്വി സൂര്യ 2015ഇല്‍ എഴുതിയ ട്വീറ്റ്. അറേബ്യന്‍ വനിതകളെക്കുറിച്ചുള്ള തേജസ്വി സൂര്യയുടെ ട്വീറ്റും മുമ്പ് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തെങ്കിലും അറബ് ലോകത്ത് നിന്നടക്കം രൂക്ഷ പ്രതികരണമാണ് ബി.ജെ.പി എം.പിക്ക് നേരിടേണ്ടി വന്നത്.
നീക്കം ചെയ്യേണ്ട ഓരോ ട്വീറ്റും നോട്ടീസിൽ പ്രത്യേകം പരാമർശിച്ചിരുന്നു. ഇവയുടെ സ്ഥാനത്ത് “ഈ ട്വീറ്റ് നിയമപരമായ ആവശ്യത്തിന് ഇന്ത്യയിൽ തടഞ്ഞിരിക്കുന്നു” എന്ന സന്ദേശമാണ് ഇപ്പോൾ കാണിക്കുന്നത്
