മതവിദ്വേഷം പ്രചരിപ്പിച്ച റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതസ്പര്‍ധ വളര്‍ത്തിയതിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെ അര്‍ണബ് അപകീര്‍ത്തിപ്പെടുത്തിയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അര്‍ണബിനെതിരേ ഛത്തീസ്ഗഡില്‍ മാത്രം ഫയല്‍ ചെയ്തത് 101 എഫ്ഐആറുകളാണ്.
തലസ്ഥാന നഗരമായ റായ്പൂരില്‍ രണ്ട് എഫ്ഐആറുകള്‍ ഫയല്‍ ചെയ്തു. അതില്‍ ഒന്ന് കാബിനറ്റ് മന്ത്രി ടി എസ് സിംഗ് ദിയോയും മറ്റൊന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് കുമാര്‍ രാജയും ഫയല്‍ ചെയ്തതാണ്. അര്‍ണബിനെതിരെ സോഷ്യല്‍ മീഡിയയിലും വ്യാപകമായ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയരുന്നത്.
ദുര്‍ഗ് ജില്ലയില്‍ 12 കേസുകളുണ്ട്. മഹാസമുണ്ട് ജില്ലയില്‍ ചുമത്തിയത് 7 കേസുകള്‍. ബിലാസ്പൂരില്‍ നാല് എഫ്ഐആറുകളും ജന്‍ഗീര്‍ചമ്പ ജില്ലയില്‍ എട്ട് എഫ്ഐആറുകളും ഫയല്‍ ചെയ്തു. സമാനമായി, മഹാരാഷ്ട്രയില്‍ രണ്ട്, ഉത്തര്‍പ്രദേശില്‍ ഒന്ന്, ഹിമാചല്‍ പ്രദേശില്‍ ഒന്ന്, മധ്യപ്രദേശില്‍ ഒന്ന് എഫ്ഐആറുകളും ഫയല്‍ ചെയ്തിട്ടുണ്ട്. സമുദായങ്ങള്‍ക്കിടയില്‍ ശത്രുത പ്രചരിപ്പിക്കുന്നതിനും സാമുദായിക വിദ്വേഷം വളര്‍ത്തുന്നതിനും അക്രമത്തിന് പ്രേരിപ്പിക്കുന്നതിനും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും എതിരായി ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ എടുത്തിട്ടുള്ളത്.
ഏപ്രില്‍ 21 ന് പല്‍ഘാര്‍ ആള്‍ക്കൂട്ട ആക്രമണത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ അര്‍ണബ്, സോണിയ ഗാന്ധിയുടെ പേര് മോശമായി ഉപയോഗിക്കുകയും സാന്ദര്‍ഭികമല്ലാതെ ഇറ്റലിയെ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. സോണിയാ ഗാന്ധിയെ ഇതിലേക്ക് വലിച്ചിഴച്ചതില്‍ നിരവധി കേണ്‍ഗ്രസ് നേതാക്കള്‍ ട്വിറ്റര്‍ വഴി തങ്ങളുടെ അമര്‍ഷം പ്രകടിപ്പിച്ചു.
ഗോസ്വാമിയുടേത് ‘ഭ്രാന്തവും വൃത്തികെട്ടതുമായ’ പത്രപ്രവര്‍ത്തന ശൈലിയാണെന്നായിരുന്നു വിമര്‍ശം. ഇതിനിടയില്‍ ഏപ്രില്‍ 22 ന് അര്‍ദ്ധരാത്രിയില്‍ മുംബൈയിലെ വീട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ രണ്ട് കോണ്‍ഗ്രസ് ഗുണ്ടകള്‍ തന്നെ ആക്രമിച്ചുവെന്ന് അര്‍ണബ് അവകാശപ്പെട്ടിരുന്നുവെങ്കിലും, അതൊരു നാടകമായിരുന്നുവെന്ന് പിന്നീട് ആരോപണമുയര്‍ന്നു
