അയോധ്യ കഴിഞ്ഞാല്‍ ഇനി കാശി മഥുര ക്ഷേത്രനിര്‍മ്മാണമാണെന്ന് ബിജെപി നേതാവ് വിനയ് കത്യാര്‍. ഔട്ട് ലുക്ക് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിനയ് കത്യാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
അയോധ്യ സൂചന മാത്രം, കാശിയും മഥുരയും വരാനുണ്ടെന്ന 90കള്‍ മുതലുള്ള സംഘപരിവാര്‍ മുദ്രാവാക്യത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് വിനയ് കത്യാറുടെ പ്രതികരണം- ‘കാശിയിലെയും മഥുരയിലെയും ക്ഷേത്രനിര്‍മാണം എന്നും അജണ്ടയിലുണ്ട്. എളുപ്പമല്ല. സമയമെടുക്കും. ഇക്കാര്യം ഞങ്ങള്‍ ആലോചിച്ച് തീരുമാനിക്കും’.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്, അല്ലാതെ കാശിക്കും മഥുരയ്ക്കുമല്ല എന്ന ചില ബിജെപി, വിഎച്ച്പി നേതാക്കളുടെ അഭിപ്രായത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അയോധ്യയില്‍ ആഗസ്ത് 5ന് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയാല്‍ പിന്നെ ക്ഷേത്രനിര്‍മാണം തുടങ്ങുകയാണല്ലോ എന്നായിരുന്നു വിനയ് കത്യാറുടെ മറുപടി. പിന്നെ അവിടെ കൂടുതലൊന്നും ശ്രദ്ധിക്കാനില്ല. അതോടെ കാശി വിശ്വനാഥ ക്ഷേത്രം, മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രം എന്നീ ലക്ഷ്യങ്ങള്‍ക്കായുള്ള ഒരുക്കം തുടങ്ങാമെന്നും കത്യാര്‍ വ്യക്തമാക്കി.
കാശിയിലെ ഗ്യാന്‍വാപി മോസ്‌കും മഥുരയിലെ ഷാഹി ഇദ്ഗാഹും 91ലെ പ്ലെയ്‌സ് ഓഫ് വര്‍ഷിപ്പ് ആക്റ്റ് പ്രകാരം സംരക്ഷിക്കപ്പെട്ടതാണല്ലോ എന്ന ചോദ്യത്തിന് സംരക്ഷിച്ചോട്ടെ, പക്ഷേ മോസ്‌കുകള്‍ അവിടെ നിന്നും നീക്കേണ്ടതുണ്ട്, എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാം എന്നായിരുന്നു മറുപടി. ബാബരി മസ്ജിദ് തര്‍ക്കത്തിലുണ്ടായ രക്തച്ചൊരിച്ചിലും വര്‍ഗീയ കലാപങ്ങളും ചൂണ്ടിക്കാട്ടിയപ്പോള്‍ ലക്ഷ്യം നേടാന്‍ മരിക്കാന്‍ വരെ തയ്യാറാണെന്നായിരുന്നു കത്യാറിന്റെ മറുപടി.
