അമേരിക്കയെ ശവപറമ്പാക്കി കൊറോണ പടരുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മരണം വിതയ്ക്കുന്ന രാജ്യമായി ഇപ്പോള്‍ അമേരിക്ക മാറിക്കഴിഞ്ഞു. ന്യൂയോര്‍ക്കില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ലോകത്തെയാകെ കണ്ണീരിലാഴ്ത്തുകയാണ്. അമേരിക്കയില്‍ ഇതുവരെ 3,336, 327 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മരണ സംഖ്യ 10,000 ത്തോട് അടുക്കുന്നു. അമേരിക്കയിലെ കൊറോണയുടെ എപിസെന്ററായ ന്യുയോര്‍ക്കില്‍ മാത്രം ഇതുവരെ 4,159 പേരാണ് മരിച്ചത്.
1,23,018 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. മരണസംഖ്യ കണക്കില്ലാതെ വര്‍ദ്ധിച്ചതോടെ ഏതൊരു മനുഷ്യന്റേയും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ദൃശ്യങ്ങളാണ് ന്യുയോര്‍ക്കില്‍ നിന്നും പുറത്ത് വരുന്നത്.
ഓറഞ്ച് നിറത്തിലുള്ള പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ്, വരാന്തയിലെ സ്‌ട്രെക്ച്ചറുകളില്‍ അടുക്കിയിട്ടിരിക്കുന്ന മൃതദേഹങ്ങളുടെ ചിത്രമാണ്. ഇത് ഒരു ആശുപത്രിയിലെ മാത്രം ദൃശ്യമല്ല, മരണം അഴിഞ്ഞാടുന്ന ന്യുയോര്‍ക്കിലെ മിക്ക ആശുപത്രികളുടെയും അവസ്ഥ ഇതുതന്നെയാണ്.
എല്ലാ ആശുപത്രികള്‍ക്ക് മുന്നിലും ഒന്നിനു പുറകെ ഒന്നായി എത്തുന്നുണ്ട് പ്രത്യേക റഫ്രിജറേറ്റഡ് ട്രക്കുകള്‍. സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ച ജീവനക്കാര്‍ ഈ മൃതദേഹങ്ങള്‍ ട്രക്കുകളില്‍ അടുക്കിവയ്ക്കുന്നു. ആശുപത്രികളിലെ മോര്‍ച്ചറികളില്‍ ഇടമില്ലാത്തതിനാലാണ് ഇത്തരം താത്ക്കാലിക മോര്‍ച്ചറികള്‍ക്ക് രൂപം നല്‍കിയത്. ട്രക്കുകള്‍ക്കുള്ളിലെ ദൃശ്യം ആശുപത്രികളിലേതിനേക്കാള്‍ ഭീകരമാണ്. ഒന്നിനു മുകളില്‍ ഒന്നായി അട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങള്‍ ആരുടേയും കണ്ണ് നിറയിക്കും. ശുശ്രൂഷകള്‍ ഏറ്റുവാങ്ങാതെ സ്വര്‍ഗ്ഗയാത്രയ്‌ക്കൊരുങ്ങുന്ന ആത്മാക്കളുടെ ഗദ്ഗദം ആ ട്രക്കുകള്‍ക്കുള്ളില്‍ മാറ്റൊലി കൊള്ളുന്നു.
ഇന്നലെ മാത്രം 594 പേരാണ് ന്യുയോര്‍ക്ക് നഗരത്തില്‍ മരിച്ചത്. ഇത് തൊട്ടുതലേന്നാളത്തെ പ്രതിദിന മരണനിരക്കിനേക്കാള്‍ കുറവാണെങ്കിലും, അമേരിക്കയില്‍ രോഗവ്യാപനം കുറയുവാന്‍ തുടങ്ങി എന്നതിന്റെ ലക്ഷണമായി ഇതിനെ കണക്കാക്കാന്‍ കഴിയില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. അതുപോലെ രോഗബാധയാല്‍ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. ഇതും ഒരു താത്ക്കാലിക പ്രതിഭാസം മാത്രമായാണ് അവര്‍ കാണുന്നത്.
ന്യുയോര്‍ക്കില്‍ രോഗബാധിതരുടെ എണ്ണത്തില്‍ ചെറിയ കുറവ് വരുമ്പോഴും, അമേരിക്ക മൊത്തത്തില്‍ കണക്കാക്കുമ്പോള്‍ രാജ്യം ഇനിയും രോഗബാധയുടെ മൂര്‍ദ്ധന്യാവസ്ഥ കടന്നിട്ടില്ല എന്നുവേണം കരുതാന്‍. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ 1,00,000 ത്തില്‍ അധികം പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതുപോലെ ഇന്നലെയും പ്രതിദിന മരണസംഖ്യ 1000 കടന്നു.
37,505 രോഗബാധിതരും 917 മരണങ്ങളുമായി ന്യു ജഴ്‌സിയാണ് ന്യുയോര്‍ക്കിന് തൊട്ടുപിന്നിലുള്ളത്. മിച്ചിഗണില്‍ 15,718 രോഗികളും 617 മരണങ്ങളുമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. 15,037 രോഗബാധിതരും 347 മരണങ്ങളുമായി കാലിഫോര്‍ണിയ തൊട്ടുപുറകിലുണ്ട്. അമേരിക്കയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കൊറോണയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ ഇതിന്റെ ഭീകരത വര്‍ദ്ധിക്കുകയാണ്.
ഇതിലും ഭീതിദങ്ങളായ ദിനങ്ങളായിരിക്കും നമ്മളെ കാത്തിരിക്കുന്നത് എന്ന് പ്രസിഡണ്ട് ട്രംപ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. കൊറോണയുടെ ഗൗരവം താന്‍ മനസ്സിലാക്കുന്നുണ്ടെന്ന് ഈ വാക്കുകളിലൂടെ തെളിയിക്കുമ്പോഴും ട്രംപിന്, രോഗത്തേക്കാള്‍ ചെലവേറിയതാകരുത് ചികിത്സ എന്ന സിദ്ധാന്തത്തില്‍ നിന്നും പുറകോട്ട് വരാന്‍ മടിയാണെന്നാണ് അദ്ദേഹത്തിന്റെ ഇന്നലത്തെ പ്രസ്താവന സൂചിപ്പിക്കുന്നത്. ”നമുക്ക് നമ്മുടെ രാജ്യത്തെ നശിപ്പിക്കാനാകില്ല, നമ്മുക്ക് നമ്മുടെ ജോലികളിലേക്ക് തിരിച്ചുപോയേ മതിയാകൂ” എന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്.
ഒരുപാട് നാള്‍ ലോക്ക്ഡൗണുമായി പോകാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെപോയാല്‍ ഒരുപക്ഷെ കൊറോണമൂലം മരിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ പല കാരണങ്ങളാലും മരിക്കാന്‍ ഇടയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണയെ കീഴടക്കാന്‍ ഇനിയും സമയം ആവശ്യമാണെന്ന് സമ്മതിച്ച അദ്ദേഹം പക്ഷെ രോഗത്തേക്കാള്‍ ചെലവേറിയതാകരുത് ചികിത്സ എന്ന നിലപാടുമായി രംഗത്തെത്തി.
