അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഡൊണൾഡ് ട്രംപിനായി മോദിയും. ട്രംപിൻ്റെ പ്രചരണ വീഡിയോയിലാണ് നരേന്ദ്രമോദിയെയും ഉൾക്കൊള്ളിച്ചിരിക്കുന്നത്. മോദിയും ട്രംപും ഒരുമിച്ച് പങ്കെടുത്ത പരിപാടികളുടെ ദൃശ്യങ്ങളാണ് പ്രചരണ വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിയിലെയും ഈ വർഷം ഫെബ്രുവരിയിൽ അഹമ്മദാബാദിൽ നടന്ന നമസ്തേ ട്രംപ് പരിപാടിയിലെയും ദൃശ്യങ്ങളാണ് പ്രചാരണത്തിനായി ഉൾപ്പെടുത്തിയത്. 20 ലക്ഷം വരുന്ന അമേരിക്കൻ-ഇന്ത്യക്കാരെ സ്വാധീനിക്കുക ലക്ഷ്യമിട്ടാണ് മോദിയെ പ്രചാരണത്തിൽ ഉൾപ്പെടുത്തിയത്.
ഹൂസ്റ്റണിലെ ഇന്ത്യൻ-അമേരിക്കക്കാർക്ക് മുമ്പിൽ ട്രംപിനെ പ്രകീർത്തിച്ച് മോദി സംസാരിക്കുന്ന രംഗങ്ങളാണ് തെരഞ്ഞെടുപ്പ് വിഡിയോയിൽ ആദ്യം. പിന്നാലെ ഇന്ത്യക്കാരെ പ്രകീർത്തിച്ച് ട്രംപ് അഹമ്മദാബാദിൽ നടത്തിയ പ്രസംഗവുമുണ്ട്.
ട്രംപിന്‍റെ രണ്ടുദിന ഇന്ത്യാ സന്ദർശനത്തിനിടെയാണ് അഹമ്മദാബാദിൽ മോദിയോടൊപ്പം വൻ ജനാവലിയെ അഭിസംബോധന ചെയ്തത്. ഭാര്യ മെലാനിയ, മകൾ ഇവാൻക, മരുമകൻ ജെർഡ് കുഷ്നർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
‘അമേരിക്കക്ക് ഇന്ത്യയുമായി മികച്ച ബന്ധമാണുള്ളത്. അമേരിക്കൻ-ഇന്ത്യക്കാരിൽ നിന്നും പ്രചാരണത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്’ വിഡിയോ പുറത്തുവിട്ടുകൊണ്ട് ട്രംപ് വിക്ടറി ഫിനാൻസ് കമ്മിറ്റി അധ്യക്ഷ കിംബർലി ഗിൽഫോയിൽ പറഞ്ഞു.
