അമേരിക്കൻ പോലീസിൻ്റെ വംശീയ കൊലപാതകം: പ്രതിഷേധച്ചൂടിൽ ഉരുകി രാജ്യം

അമേരിക്കയിൽ മിനിയപൊളിസിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡെന്ന യുവാവിനെ പൊലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധം രാജ്യമാകെ വ്യാപിക്കുന്നു. അമേരിക്കയിലെ ഓരോ നഗരത്തിലും ജോർജ് ഫ്ലോയിഡിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്.

പ്രതിഷേധത്തിന് തടയിടാന്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ലംഘിച്ച് നാലാംദിവസവും ആയിരങ്ങള്‍ തെരുവിലിറങ്ങി. 16 സംസ്ഥാനങ്ങളിലായി 25 നഗരങ്ങളില്‍ ഇപ്പോള്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കാലഫോര്‍ണിയ, ഫ്‌ളോറിഡ, ജോര്‍ജിയ, ഇല്ലിനോയിസ്, ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ അടക്കമുള്ള നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ചിലയിടങ്ങളില്‍ നേരത്തെ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമയം നീട്ടിയിട്ടുമുണ്ട്.

വൈറ്റ് ഹൗസിനു മുന്നിലും പ്രതിഷേധക്കാര്‍ തടിച്ചുകൂടി. പലയിടത്തും റോഡുകള്‍ ഉപരോധിച്ചതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസിന് കണ്ണീര്‍വാതകവും മറ്റും ഉപയോഗിക്കേണ്ടിവന്നു. മിനിയപൊളിസിലും ഇരട്ടനഗരമായ സെന്റ് പോളിലും കര്‍ഫ്യൂ ലംഘിച്ചാണ് ആളുകള്‍ പ്രതിഷേധം തുടര്‍ന്നത്.

ജോര്‍ജിന്റെ ചിത്രവും എനിക്ക് ശ്വസിക്കാനാവില്ലെന്ന ജോര്‍ജിന്റെ അവസാന വാക്കുകളുമൊക്കെ പതിച്ച പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയായിരുന്നു പ്രതിഷേധം. കഴിഞ്ഞ രണ്ടുദിവസങ്ങളായി മിനിയപൊളിസ് ജയിലില്‍ അടച്ചതില്‍ 80 ശതമാനത്തോളം പ്രതിഷേധക്കാരും മിനസോട്ടയില്‍നിന്നുള്ളവരാണെന്ന് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു.

കലാപം, നിയമവിരുദ്ധമായ ഒത്തുചേരല്‍, മോഷണം, സ്വത്തുവകകള്‍ക്ക് നാശനഷ്ടം എന്നീ കുറ്റങ്ങള്‍ ചുമത്തി വ്യാഴാഴ്ച ഉച്ചയ്ക്കും ശനിയാഴ്ചയ്ക്കുമിടയില്‍ കേസെടുത്ത 51 പേരില്‍ 43 പേര്‍ മിനസോട്ടയില്‍ വിലാസമുള്ളവരാണ്. മിനിയപൊളിസിനൊപ്പം അറ്റ്‌ലാന്‍ഡ, പോര്‍ട്ട്‌ലാന്‍ഡ്, ഒറിഗണ്‍, ഡാളസ്, ഫീനിക്‌സ്, ഇന്ത്യാനപൊളിസ്, ഡെന്‍വര്‍, ബ്രൂക്ക്‌ലിന്‍, ലോസ് ഏഞ്ചല്‍സ്, ഓക്ലന്‍ഡ് എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമായി. പലയിടത്തും പ്രതിഷേധക്കാര്‍ പോലിസുമായി ഏറ്റുമുട്ടി. റോഡുകള്‍ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ ഉപരോധിച്ചതോടെ പോലിസിന് കണ്ണീര്‍വാതകവും ജലപീരങ്കികളുമൊക്കെ ഉപയോഗിക്കേണ്ടിവന്നു.

Vinkmag ad

Read Previous

സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 10 പേർക്ക് രോഗമുക്തി

Read Next

വംശീയതക്കെതിരായ പ്രതിഷേധം അമേരിക്കയിൽ ആളിക്കത്തുന്നു; വൈറ്റ് ഹൗസിലെ പ്രതിഷേധം ഭയന്ന് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി

Leave a Reply

Most Popular