കൊവിഡ് മഹാമാരിയുടെ പിടിയിൽ വലയുകയാണ് അമേരിക്ക. എട്ട് ലക്ഷത്തിലധികം (848717) പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കും രോഗം പകരുന്നു. ഇത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് കൊവിഡ് ബാധിച്ചത്. ജീവനക്കാരില്‍ നിന്നും രോഗം പകര്‍ന്നതെന്നാണ് സൂചന. മൃഗങ്ങളുടെ ആരോഗ്യനില തൃപ്‍തികരമെന്നാണ് മൃഗശാല അധികൃതര്‍ നൽകുന്ന വിവരം.
കൂടാതെ ന്യൂയോർക്കിൽ രണ്ട് വളർത്തുപൂച്ചകൾക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. അമേരിക്കയിൽ ആദ്യമായിട്ടാണ് വളർത്തുമൃഗങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചത്. ന്യൂയോർക്കിലെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലാണ് പൂച്ചകളുള്ളത്. രണ്ട് പൂച്ചകൾക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും അതിവേഗം സുഖം പ്രാപിക്കുമെന്ന് വിശ്വസിക്കുന്നതായുമാണ് അധികൃതർ നൽകുന്ന വിശദീകരണം. പൂച്ചകളിലൊന്നിന്റെ ഉടമയ്ക്ക് കൊവിഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേ സമയം രണ്ടാമത്തെ പൂച്ചയുടെ ഉടമയ്‌ക്കോ വീട്ടിലുള്ളവർക്കോ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ഇതേ വീട്ടിലെ രണ്ടാമത്തെ പൂച്ചയ്ക്ക് രോഗബാധയില്ല. മൃഗങ്ങളിലെ കൊവിഡ് ബാധയെക്കുറിച്ച് അമേരിക്ക ഇപ്പോഴും പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. മൃഗങ്ങളുടെ ആരോഗ്യനില തൃപ്‍തികരമെന്നാണ് മൃഗശാല അധികൃതര്‍ നൽകുന്ന വിവരം.
ഇന്നലെ മാത്രം 29,973 പേർക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. 2,341 പേർ ഇന്നലെ മരണപ്പെടുകയും ചെയ്തു. ആകെ മരണ സംഖ്യ 47,681 ആയി. ഗുരുതര അവസ്ഥയിൽ നിന്നും രാജ്യം കരകയറിയതായി പ്രസിഡൻ്റ് ട്രംപ് വാദിക്കുമ്പോഴും സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുകയാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.
