കമല ഹാരിസ് വൈസ്പ്രസിഡൻ്റ് സ്ഥാനാർത്ഥിയായതോടെയാണ് അമേരിക്കയിൽ തെരഞ്ഞെടുപ്പ് ചൂട് വർദ്ധിച്ചത്. ആദ്യമായാണ് ഒരു ആഫ്രോ ഇന്ത്യൻ വംശജ ഈ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. അതിനാൽത്തന്നെ കമല ഹാരിസിൻ്റെ ഓരോ വാക്കുകളും ജനശ്രദ്ധ ആകർഷിക്കുകയാണ്.
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് കണവെൻഷനിൽ കമല പറഞ്ഞ ‘ചിത്തി’ എന്നവാക്കാണ് ഇപ്പോൾ അമേരിക്കയിൽ ചർച്ചയായിരിക്കുന്നത്. തൻ്റെ നേട്ടങ്ങൾക്ക് കാരണം തൻ്റെ കുടുംബമാണെന്ന് പറഞ്ഞ കമല അതിൽ ഓരോരുത്തരെയും പരിചയപ്പെടുത്തുന്നതിനിടയിലാണ് ‘ചിത്തി’മാരെയും ഓർത്തത്.
ഡെമോക്രാറ്റുകളുടെ ദേശീയ കൺവെൻഷനിൽ കമല തൻ്റെ ഇന്ത്യൻ ബന്ധുജനങ്ങളെ ഓർക്കാൻ തമിഴ് പദം ഉപയോഗിച്ചത് തമിഴ് ജനത ആഘോഷമാക്കുകയാണ്. അതേസമയം അത്ര പരിചിതമല്ലാത്ത ‘ചിത്തി’ എന്നവാക്കാണ് ഇന്നലെ ഏറ്റവും കൂടുതൽ അമേരിക്കക്കാർ ഗൂഗിളിൽ തെരഞ്ഞത്.
സഹജീവി സ്നേഹവും കരുണയും മൂല്യബോധവും പരോപകാര ശീലവും തന്നിൽ വളർത്തിയെടുത്തത് അമ്മ ശ്യാമള ഗോപാലൻ ആണെന്നു പറഞ്ഞപ്പോൾ കമലയുടെ കണ്ഠമിടറി. ‘സമൂഹത്തെ സേവിക്കുമ്പോഴാണു ജീവിതം സാർഥകമാകുന്നതെന്ന് അമ്മയാണ് എന്നെ പഠിപ്പിച്ചത്. ഇപ്പോഴീ രാത്രിയിൽ അമ്മ അരികിലുണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു.’– കമല പറഞ്ഞു.
അമേരിക്കയിൽ ഒരു കമല തരംഗം തന്നെ ഉണ്ടായിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ജോർജ് ഫ്ലോയിഡിൻ്റെ കൊലപാതകത്തിൽ ഉണർന്ന അമേരിക്കൻ ജനതയുടെ സമരാവേശത്തെ അപ്പാടെ ഏറ്റെടുക്കുന്ന ഒന്നായി മാറുകയാണ് കമല ഹാരിസിൻ്റെ സ്ഥാനാർതഥിത്വം.
