ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിക്കുകയാണെന്ന് അമേരിക്ക. പ്രസിഡൻറ് ഡോണൾഡ് ട്രംപാണ് പ്രഖ്യാപനം നടത്തിയത്. കോവിഡ് 19 പ്രതിരോധിക്കുന്നതിൽ സംഘടനയുടെ പോരായ്മ ചൂണ്ടിക്കാട്ടിയാണ് ട്രംപിൻെറ നടപടി. ലോകാരോഗ്യ സംഘടനക്കുള്ള ഫണ്ടിങ് നിർത്തിവെച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
ലോകാരോഗ്യ സംഘടന ചൈനയുടെ പാവയാണെന്ന് ആരോപണം ട്രംപ് ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് സംഘടനക്കുള്ള ഫണ്ടിങ് നിർത്തിവെക്കുകയും ചെയ്തിരുന്നു. സംഘടന പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ ഫണ്ടിങ് പൂർണമായും നിർത്തിവെക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കിയിരുന്നു.
ലോകാരോഗ്യസംഘടന പരിഷ്കാരങ്ങൾ നടപ്പാക്കാത്ത സാഹചര്യത്തിൽ അവരുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലോകം ആവശ്യപ്പെടുന്ന രീതിയിൽ പ്രവർത്തിക്കുന്നതിൽ ലോകാരോഗ്യസംഘടന പരാജയപ്പെട്ടുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. ചൈനയിൽ നിന്ന് വൈറസിനെ കുറിച്ച് ലോകത്തിന് ഉത്തരങ്ങൾ വേണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനക്ക് ഏറ്റവും കൂടുതൽ ഫണ്ട് നൽകുന്ന രാജ്യമാണ് യു.എസ്. ഏകദേശം 400 മില്യൺ ഡോളറാണ് അമേരിക്ക ലോകാരോഗ്യസംഘടനക്ക് നൽകുന്നത്.
എന്നാൽ ട്രംപിൻ്റെ തീരുമാനത്തിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. ‘അസാധാരണ ബുദ്ധിശൂന്യതയുള്ള ഒരു പ്രവർത്തി’ എന്നാണ് ട്രംപിൻ്റെ പ്രമുഖ എതിരാളിയായ നാൻസി പെലോസി ഈ നടപടിയെക്കുറിച്ച് ട്വിറ്ററിൽ കുറിച്ചത്. അമേരിക്കയിൽ നടക്കുന്ന മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് പകരം ആവർത്തിച്ചാവർത്തിച്ച് ട്രംപ് മറ്റുള്ളവരെ പഴിക്കുകയാണെന്നും പെലോസി കുറ്റപ്പെടുത്തി.
