പോലീസും നിയമവും കോടതിയും ഭരണകൂടവുമെല്ലാം ഒരു സമാന്തര ഭരണത്തിന് മുന്നില്‍ മുട്ടുമടയ്ക്കുകയാണ്.. ആയിരകണക്കിന് കോടികളുടെ ആസ്തിയുള്ള ആള്‍ദൈവങ്ങളുടെ കൊടും ക്രൂരതകളും വെട്ടിപ്പുകളുമെല്ലാം ഇന്ത്യയില്‍ പുതിയതല്ല….ആത്മീയതയുടെ മറപിടിച്ച് വളര്‍ത്തി വലുതായിക്ക മാഫിയ ഭരണത്തിന് മുന്നില്‍ ഒരു ചെറുവിരലനക്കാന്‍ പോലും ആര്‍ക്കുമാകുന്നില്ല അത് തന്നെയാണ് കൊല്ലം വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിനെതിരെയും സംഭവിക്കുന്നത്… എല്ലാ നിയമങ്ങളും ലംഘിച്ച് കെട്ടിപൊക്കിയ കെട്ടിടങ്ങള്‍…
തുടരുന്ന ദുരൂഹമരണങ്ങള്‍… എല്ലാ നിയമ സംവിധാനത്തേയും വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന അമൃതാനന്ദമയി മഠത്തിലെ ഏറ്റവുമൊടുവിലെ വിദേശ വനിതയുടെ മരണവും ചോദ്യങ്ങള്‍മാത്രം ബാക്കിയാക്കി മഠത്തിലെ മുഴുവന്‍ ദുരൂഹ മരങ്ങള്‍ക്കൊപ്പം ചേര്‍ക്കപ്പെടുകയാണ്. നാല്‍പ്പത്തിയഞ്ച് വയസ്സുകാരിയായ സ്റ്റെഫേഡ്‌സിയോനയാണ് ഏതാനും ദിവസങ്ങള്‍ക്ക്മുമ്പ് രാത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിമരിച്ചതായി പോലീസ് പറയുന്നത്. നാട്ടിലേയ്ക്ക് പോകാന്‍ കഴിയാത്തതിലെ ദുഖവും മാനസിക അസ്വസ്ഥതകളുമാണ് മരണത്തിന് കാരണമെന്നാണ് പോലീസ് ഭാഷ്യം. നാലുദിവസമായിട്ടും ഒരു വിദേശ വനിതയുടെ മരണത്തില്‍ ഒരു അന്വേഷണവും പോലീസ് നടത്തിയില്ലെന്നുള്ളതാണ് ഞെട്ടിയ്ക്കുന്ന വസ്തുത.
ഇതിന് മുമ്പ് 2014 ലാണ് അമൃതാനന്ദമയീ മഠത്തില്‍ അന്തേവാസി ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്ത് വരുന്നത്. ആശ്രമത്തിലെ അന്തേവാസിയും അമൃതാനന്ദമയിയുടെ ഭക്തനുമായിരുന്ന ജപ്പാന്‍ സ്വദേശി ഓഷി ഇജിയെ ആശ്രമത്തിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പതിനഞ്ച് വര്‍ഷമായി മഠത്തിലെ ഭക്തനായിരുന്നു ഓഷി ഇജി. ഇജിയുടെ തൂങ്ങിമരണത്തില്‍ മഠവും പോലിസും അന്ന് വിശദീകരിച്ചത് സമാധാനം തേടി അമൃതാനന്ദമയീ മഠത്തിലെത്തിയ ഓഷി ഇജി മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു എന്നായിരുന്നു. അന്ന് വള്ളിക്കാവിലെ ആശ്രമത്തില്‍ മരണപ്പെട്ട ഓഷി ഇജിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തിയില്ല.
നേരത്തെ അമൃതാനന്ദമയി മഠത്തിലെ കൊടിയ പീഡനം മൂലം കൊല്ലം തേവന്നൂര്‍ സ്വദേശിയായ രാധാകൃഷ്ണന്‍ എന്നയാളും ആത്മഹത്യ ചെയ്തിരുന്നു. ആശ്രമത്തിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പും എഴുതിയായിരുന്നു രാാധാകൃഷ്ണന്റെ ആത്മഹത്യ. ആത്മഹത്യാകുറിപ്പ് പത്രപ്രവര്‍ത്തകര്‍ക്കും പോലിസ് ഉദ്യോഗസ്ഥര്‍ക്കും തപാല്‍ മാര്‍ഗം അയച്ച ശേഷമാണ് അദ്ദേഹം സ്വയം മരണം വരിച്ചത്. തിരുവനന്തപുരം വെള്ളാണി അമൃത ശില്‍പകലാക്ഷേത്രത്തിലെ ബ്രഹ്മചാരി ആയിരുന്നു മരിച്ച രാധാകൃഷ്ണന്‍. തെളിവുകള്‍ അധികൃതരിലേക്ക് എത്തിച്ചാണ് രാധാകൃഷ്ണന്‍ ആത്മഹത്യ ചെയ്തതെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
ആശ്രമത്തില്‍ വച്ച് നടന്ന മരണമല്ലെങ്കിലും 2012ല്‍ ബിഹാറിലെ ഗയ സ്വദേശിയായ സത്‌നാം സിങ്ങിന്റെ മരണം ഏറെ വിവാദമാവുകയും മഠത്തിനെതിരേ നിരവധി ആരോപണങ്ങള്‍ ഉയരുകയും ചെയ്തു. മഠത്തില്‍ നിന്നും അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് കുറ്റം ചുമത്തി സത്‌നാം സിങ്ങിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. അവിടെ വച്ച് കൊല്ലപ്പെട്ടു. 2012 മെയ് 30ന് വീട്ടില്‍ നിന്ന് അപ്രത്യക്ഷനായ സത്‌നാം സിങ് ആഗസ്ത് ഒന്നിനാണ് അറസ്റ്റിലായത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ വച്ച് തലയ്ക്ക് പിന്നില്‍ അടിയേറ്റാണ് സത്‌നാം സിങ് മരിക്കുന്നത്. മരണം നടന്ന് എട്ട് വര്‍ഷങ്ങളാവുമ്പോഴും സ്തനാമിന്റെ അച്ഛന്‍ ഹരീന്ദ്രകുമാര്‍ സിങ് നല്‍കിയ കേസില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. സത്‌നാമിന്റെ അച്ഛനും അമ്മയും കേരള ഹൈക്കോടതിക്ക് മുന്നില്‍ സത്യഗ്രഹമിരുന്നിട്ട് പോലും കേസ് മുന്നോട്ട് പോയില്ല.
വര്‍ഷങ്ങള്‍ക്കു മുന്നേ മഠത്തിലെ ആളുകളാല്‍ കൊലചെയ്യപ്പെട്ട കൊടുങ്ങല്ലൂരിലെ നാരായണന്‍കുട്ടിയുടെ കഥയും മലയാളികള്‍ മറന്നിട്ടില്ല. ഇദ്ദേഹത്തിന്റെ കേസിലെ ക്രൈം ബ്രാഞ്ച് അന്വേഷണവും പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നു. മഠവുമായി ബന്ധപ്പെട്ട് ഇക്കാലത്ത് പുറത്തുവന്ന, കേസെടുക്കാന്‍ പോലും പോലിസ് തയ്യാറാകാതിരുന്ന, മര്‍ദ്ദനങ്ങളുടെയും പീഡനങ്ങളുടെയും നിരവധി സംഭവങ്ങള്‍ക്ക് പുറമേ വന്‍ തോതിലുള്ള നികുതിവെട്ടിപ്പ്, സാമ്പത്തിക ക്രമക്കേടുകള്‍, ഭൂമി കയ്യേറ്റം, മലിനീകരണം തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ വേറെയുമുണ്ട്.
നേരത്തെ അമൃതാനന്ദമയി മഠത്തിലെ കൊടിയ പീഡനം മൂലം കൊല്ലം തേവന്നൂര്‍ സ്വദേശിയായ രാധാകൃഷ്ണന്‍ എന്നയാളും ആത്മഹത്യ ചെയ്തിരുന്നു. ആശ്രമത്തിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പും എഴുതിയായിരുന്നു രാാധാകൃഷ്ണന്റെ ആത്മഹത്യ. ആത്മഹത്യാകുറിപ്പ് പത്രപ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും തപാല്‍ മാര്‍ഗ്ഗം അയച്ച ശേഷമാണ് അദ്ദേഹം സ്വയം മരണം വരിച്ചത്.
ഇരുപത് വര്‍ഷത്തോളം അമൃതാനന്ദമയിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച ഗായത്രി എന്ന ‘ഗെയ്ല്‍ ട്രെയ്ഡ്വെല്‍’ ഒടുക്കം മഠം വിട്ട് പുറത്തുപോയതിന് ശേഷം എഴുതിയ പുസ്തകത്തിലൂടെയാണ് മഠത്തെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. ‘അക്രമാസക്തയായ സ്ത്രീ’ എന്നാണ് ഗെയ്ല്‍ അമൃതാനന്ദമയിയെ പുസ്തകത്തില്‍ വിശേഷിപ്പിച്ചത്.
