കൈകൊട്ടിയാല്‍ വൈറസുകള്‍ ഇല്ലാതാകുമെന്ന മണ്ടത്തരത്തിന് ശേഷം വീണ്ടും അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ പുതിയ മണ്ടത്തരവുമായി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിവരെ ഈ ട്വീറ്റ് ഷെയര്‍ ചെയ്തുവെന്നതതാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.
ഈച്ചകള്‍ കൊറോണ വൈറസ് പരത്തുമെന്ന വാദവുമായി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. രാജ്യത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഈ പരാമര്‍ശം ഉള്ളത്. പ്രധാനമന്ത്രി മന്ത്രി നരേന്ദ്ര മോഡി റീ ട്വീറ്റ് ചെയ്ത് ഈ സന്ദേശം പക്ഷേ ആരോഗ്യ മന്ത്രാലയം തളളി
‘കൊറോണ വൈറസ് മനുഷ്യ വിസര്‍ജ്ജനത്തില്‍ ആഴ്ചകളോളം നിലനില്‍ക്കുമെന്ന് ചൈനീസ് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. രോഗികള്‍ പൂര്‍ണ്ണമായി സുഖം പ്രാപിച്ചാലും ഏതാനും ആഴ്ചകളായി മലമൂത്ര വിസര്‍ജ്ജനത്തില്‍ വൈറസ് നിലനില്‍ക്കും. അത്തരമൊരു വ്യക്തിയുടെ മലമൂത്രവിസര്‍ജ്ജനത്തില്‍ ഇരുന്ന ഈച്ച പിന്നീട് പഴങ്ങള്‍, പച്ചക്കറികള്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയില്‍ ഇരിക്കുന്നതുവഴി രോഗം കൂടുതല്‍ പടരും” അദ്ദേഹത്തിന്റെ ഹിന്ദിയിലുള്ള വീഡിയോയില്‍ പറയുന്നു
എന്നാല്‍ ആരോഗ്യമന്ത്രാലയം ഈ അവകാശവാദത്തോട് വിയോജിച്ചതായാണ് റിപ്പോര്‍ട്ട്. ആരോഗ്യ, കുടുംബക്ഷേമ ജോയിന്റ് സെക്രട്ടറിയായ ലാവ് അഗര്‍വാള്‍ വ്യാഴാഴ്ച പത്രസമ്മേളനത്തില്‍ ബച്ചന്റെ പുതിയ ‘കണ്ടെത്തല്‍’ പൂര്‍ണമായി തള്ളിക്കളഞ്ഞിരിക്കുകയാണ്. ‘അദ്ദേഹത്തിന്റെ ട്വീറ്റ് ഞാന്‍ കണ്ടിട്ടില്ല, പക്ഷേ സാങ്കേതികമായി എനിക്ക് പറയാന്‍ കഴിയും ഈ ഒരു പകര്‍ച്ചവ്യാധി ഈച്ചകളിലൂടെ പടരില്ലെന്ന്’ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് അഗര്‍വാള്‍ പ്രതികരിച്ചു.
ഇതോടെ പ്രധാനമന്ത്രി കൂടി ഏറ്റെടുത്ത പുതിയ ട്വീറ്റും ഡിലീറ്റ് ചെയ്യേണ്ടിവരുന്ന അവസ്ഥയിലാണ് ബച്ചന്‍. നേരത്തേ, കയ്യടി ശബ്ദം കൊറോണ വൈറസിനെ നിര്‍വീര്യമാക്കുമെന്ന ട്വീറ്റ് വ്യാപക വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഒടുവില്‍ സൂപ്പര്‍ താരത്തിന് ഡിലീറ്റ് ചെയ്യേണ്ടി വന്നിരുന്നു. ജനതാ കര്‍ഫ്യൂവില്‍ ബാല്‍ക്കണിയിലിരുന്ന് കയ്യടിക്കാനും പാത്രം കൊട്ടാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ ഇതിന് പിന്തുണയുമായി എത്തിയപ്പോഴാണ് കൊറോണയ്‌ക്കെതിരെ ബച്ചന്റെ വക ‘ശബ്ദതിയറി’ ട്വീറ്റായി എത്തിയത്.
