അമലാ പോള്‍ നായികയായെത്തിയ ആടൈ ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്. ചിത്രം തമിഴില്‍ റിലീസ് ചെയ്തതിന് പിന്നാലെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ശ്രദ്ധാ കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ആടൈ സംവിധായകന്‍ രത്‌നകുമാര്‍ തന്നെയാണ് ചിത്രം ഹിന്ദിയില്‍ ഒരുക്കുകയെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമെന്നും കങ്കണ നായികയായി എത്തുമെന്നും നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ചിത്രത്തിന്റെ നിര്‍മാതാവായ അരുണ്‍ പാണ്ഡ്യന്‍ ഇത് സത്യമല്ലെന്ന് വ്യക്തമാക്കിയിരുന്നു.2019 ജൂലായ് 19 നാണ് ആടൈ പുറത്തിറങ്ങിയത്.
സമാന കഥാപാത്രങ്ങളുളള കുറെയധികം ചിത്രങ്ങള്‍ മുന്നിലെത്തിത്തുടങ്ങിയപ്പോള്‍ അഭിനയം നിറുത്താന്‍ ഒരുങ്ങിനിന്ന തന്നെ സിനിമയില്‍ പിടിച്ചുനിറുത്തിയ ചിത്രമാണ് ആടൈ എന്ന് അമല പോള്‍ നേരത്തെ പറഞ്ഞിരുന്നു. കാമിനി എന്ന കഥാപാത്രത്തെയാണ് അമല ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ ചില രംഗങ്ങള്‍ക്കെതിരേ വിവാദം ഉയര്‍ന്നുവന്നിരുന്നു.
നഗ്‌നത കാണിച്ച് സിനിമ വില്‍ക്കുന്നുവെന്ന ആരോപണവുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ചിലര്‍ രംഗത്ത് വന്നിരുന്നു. അമലക്കെതിരേയും സാമൂഹിക മാദ്ധ്യമങ്ങളില്‍ ഒട്ടനവധി പേര്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ആടൈയുടെ ടീസര്‍ റിലീസ് ചെയ്തത് . യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതായെത്തുകയു ചെയ്തു. ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയത് മുതല്‍ ചിത്രം വലിയ ചര്‍ച്ചാ വിഷയമായി മാറിയിരുന്നു. ആടൈയില്‍ അഭിനയിക്കാന്‍ പല മുന്‍നിര നായികമാരും വിസമ്മതമറിയിച്ചിരുന്നു. ഏറ്റവുമൊടുവിലാണ് കഥാപാത്രം അമലയെ തേടിയെത്തുന്നത്.
