സുപ്രീം കോടതിക്കെതിരെ സോഷ്യൽ മീഡിയയിൽ അഭിപ്രായം രേഖപ്പെടുത്തിയ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ച് സുപ്രീം കോടതി. അധിക്ഷേപപരമായ ട്വീറ്റിൽ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി നോട്ടീസ് നൽകി.
ആഗസ്റ്റ് അഞ്ചിന് മുമ്പ് സുപ്രീം കോടതിക്ക് പ്രശാന്ത് ഭൂഷൺ വിശദീകരണം നൽകണം. ട്വീറ്റുകൾ പ്രസിദ്ധീകരിച്ച ട്വിറ്ററിനെതിരെയും സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു. കോടതി നിർദേശിച്ചാൽ ട്വീറ്റുകൾ മാറ്റാൻ തയ്യാറാണെന്ന് ട്വിറ്റർ അറിയിച്ചു.
2020 ജൂൺ 27 ന് പ്രശാന്ത് ഭൂഷൺ പ്രസിദ്ധീകരിച്ച ട്വീറ്റാണ് കോടതി നടപടികൾക്ക് കാരണമായിരിക്കുന്നത്. “ചരിത്രകാരന്മാർ കഴിഞ്ഞ ആറ് വർഷം പിന്നിലേക്ക് ഒന്ന് തിരിഞ്ഞുനോക്കിയാൽ, ഔദ്യോഗികമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതിരുന്നിട്ട് പോലും ഇന്ത്യയിൽ ജനാധിപത്യം എങ്ങനെ നശിപ്പിക്കപ്പെട്ടുവെന്ന് ചിന്തിച്ചാൽ, ആ നാശത്തിൽ സുപ്രീം കോടതിയുടെ പങ്കും, പ്രത്യേകിച്ച് കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാരുടെ പങ്കും വ്യക്തമാകും” എന്നാണ് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്.
രാജ്യത്തെ പരമോന്നത കോടതി ഭരണകർത്താക്കൾക്ക് അനുകൂലമായ വിധിയാണ് പുറപ്പെടുവിക്കുന്നതെന്ന വിമർശനം സോഷ്യൽ മീഡിയയിൽ ശക്തമാണ്. ഈ വാദഗതികളുടെ പിൻബലത്തിലാണ് പ്രശാന്ത് ഭൂഷൺ ചരിത്രം രേഖപ്പെടുത്തി വിമർശനം ഉന്നയിച്ചത്.
പിന്നീടും സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസ്സിനെയും വിമർശിച്ച് ട്വീറ്റുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി ആർ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് വീഡിയോ കോൺഫറൻസ് വഴിയാണ് കേസ് പരിഗണിച്ചത്. സംഭവത്തിൽ ബെഞ്ച് അറ്റോണി ജനറൽ കെ.കെ വേണുഗോപാലിന്റെ സഹായവും തേടിയിട്ടുണ്ട്.
