രാജസ്ഥാനിൽ കോൺഗ്രസ് ഭരണം നിലനിർത്താനായി ശ്രമങ്ങൾ തുടങ്ങി. ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റും പിന്തുണയ്ക്കുന്ന എംഎൽഎമാരും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെ കാണുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ തങ്ങൾക്ക് 109 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കോൺഗ്രസ് അവകാശപ്പെടുന്നുണ്ട്.
നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് എംഎൽഎമാർക്ക് വിപ്പ് നൽകിയതായും ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ അറിയിച്ചു. ജ്യോതിരാദിത്യ സിന്ധ്യയുടെ പാത പിന്തുടർന്ന് സച്ചിൻ ബിജെപിയിൽ പോകില്ലെന്നാണു നേതൃത്വത്തിന്റെ കണക്കുകൂട്ടലെങ്കിലും മുഖ്യമന്ത്രി ഗെലോട്ടിന്റെ രാജിയിൽ കുറഞ്ഞതൊന്നും കൊണ്ടും സച്ചിനെ പ്രസാദിപ്പിക്കാൻ കഴിയില്ലെന്നു നേതൃത്വത്തിനു ബോധ്യമുണ്ട് താനും.
നിലവിൽ ബിജെപിയിലേക്കു പോകാൻ പദ്ധതിയില്ലെന്ന് സച്ചിൻ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിപദം ലഭിക്കുകയാണെങ്കിൽ കോൺഗ്രസ് വിട്ടേക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. നഡ്ഡയുമായുള്ള യോഗത്തിനു ശേഷമാകും സച്ചിൻ തുടർപരിപാടികൾ തീരുമാനിക്കുക. സച്ചിൻ വന്നാലും മുഖ്യമന്ത്രി പദം നൽകാൻ ബിജെപിക്കു കഴിയില്ല. 45 എംഎൽഎമാർ കൈയിലുള്ള വസുന്ധരെ രാജെ സിന്ധ്യയെ കഴിഞ്ഞെ മറ്റാരെയെങ്കിലും അവിടെ അവർക്കു പരിഗണിക്കാനാവൂ.
സർക്കാരിനെ മറിച്ചിടുക, ബാക്കി പിന്നീടെന്നതാണ് പാർട്ടിയുടെ നിലപാട്. കേന്ദ്രമന്ത്രി പദം സച്ചിനു നൽകി കൂടെ നിർത്തുകയെന്ന തന്ത്രമാകും ബിജെപി പുറത്തെടുക്കുകയെന്നതാണ് വിവരം. സച്ചിനുമായി അടുത്ത ബന്ധം പുലർത്തുന്ന സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരിൽ ആരെങ്കിലും മുൻകൈയെടുക്കാതെ സച്ചിനെ മെരുക്കാൻ സാധിക്കില്ലെന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
കോൺഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നുകാണിച്ച് പൊലീസ് സച്ചിൻ പൈലറ്റിന് കഴിഞ്ഞ ദിവസം നോട്ടിസയച്ചിരുന്നു. ഇതിന്മേൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പ്(എസ്ഒജി) അയച്ച നോട്ടിസിൽ എപ്പോൾ സച്ചിന്റെ മൊഴിയെടുക്കാനാകുമെന്നാണു ചോദിച്ചിരുന്നത്.
ഇതൊരു സാധാരണ നടപടിക്രമമാണെന്ന് എസ്ഒജി എഡിജി അശോക് റാത്തോഡ് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇതു തന്നെ അപമാനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് സച്ചിന്റെ വാദം. നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ നോട്ടിസ് അയച്ചത് എല്ലാ പരിധിയും ലംഘിക്കുന്നതായി. ഇനിയും അപമാനിതരായി എല്ലാം സഹിച്ച് ഗെലോട്ടിന് കീഴിൽ നിൽക്കാനാകില്ലെന്നാണ് സച്ചിൻ പക്ഷത്തിന്റെ പൊതുവികാരം.
