അനാഥയായ ഹിന്ദുയുവതിയ്ക്ക് മംഗല്യമൊരുക്കി മഹല്ല് കമ്മിറ്റി; ഒരു നാടിന്റെ നന്മയില്‍ കയ്യടിച്ച് സോഷ്യല്‍ മീഡിയ

വിശുദ്ധ റംസാന്‍ നാളില്‍ നിര്‍ധന യുവതിയ്ക്ക് മംഗല്യമൊരുക്കി മാതൃകയാവുകയാണ് പൂതക്കാട് അല്‍ബദര്‍ മഹല്ല് കമ്മിറ്റി. മാതാപിതാക്കള്‍ ഉപേക്ഷിച ഹിന്ദു യുവതിയുടെ വിവാഹത്തിനായി മഹല്ലിന്റെ കീഴില്‍ നാടൊന്നാകെ ഒരുമിക്കുകയായിരുന്നു. ചെറുപ്പത്തിലേ മാതാപിതാക്കള്‍ ഉപേക്ഷിച്ച തെറ്റിലിങ്ങല്‍ വൈഷ്ണവിയുടെ വിവാഹമാണ് മഹല്ല് കമ്മിറ്റിയും നാട്ടുകാരും ചേര്‍ന്ന് നടത്തിയത്. ഒറ്റപ്പാലം മായന്നൂര്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് വരന്‍

മഹല്ല് രക്ഷാധികാരി ജമാലുദ്ധീന്‍ ഫൈസി ചെയര്‍മാനും ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കുട്ടിക്കൃഷ്ണന്‍ കണ്‍വീനറായും പ്രദേശത്തെ സിവില്‍ പോലിസ് ഉദ്യോഗസ്ഥനായ റഫീഖ് ഖജാഞ്ചിയായും സമിതി രൂപീകരിച്ചാണ് വിവാഹത്തിന് ആവശ്യമായ ആഭരണം, ഭക്ഷണം തുടങ്ങി മുഴുവന്‍ ചെലവുകളും വഹിക്കാന്‍ തീരുമാനിച്ചത്. ഇതിനുവേണ്ട തുക സ്വരൂപിക്കാനും വിവാഹം ജനപ്രധിനിധികളെയും സാമൂഹിക-സാംസ്‌കാരിക പ്രധിനിധികളെയും ഉള്‍പ്പെടുത്തി നാടിന്റെ ആഘോഷമാക്കി മാറ്റാനും പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഏപ്രില്‍ 5നു വിവാഹം നിശ്ചയിക്കുകയും ചെയ്തു. പക്ഷേ, കൊറോണ വ്യാപനം കാരണം മെയ് 10ലേക്ക് മാറ്റി. സാമൂഹിക അകലം പാലിച്ച് ചടങ്ങ് മാത്രം നടത്താനായിരുന്നു തീരുമാനം. നാട്ടുകാരുടെ പൂര്‍ണ സഹകരണത്തോടെ കല്യാണത്തിന് ആവശ്യമായ ആഭരണങ്ങളും ഭക്ഷണം ഉള്‍പ്പെടെ മുഴുവന്‍ ചെലവും കണ്ടെത്തുകയും ചെയ്തു.

ഇന്ന് നടന്ന ചടങ്ങില്‍ മഹല്ല് ഭാരവാഹികളായ കമ്മുണ്ണി ഹാജി, ഹൈദര്‍ ഹാജി, മൊയ്തീന്‍ ഹാജി, കുഞ്ഞു മൊയ്തു ഹാജി റസാഖ് അല്‍ഹസനി, മുഹമ്മദ് കുട്ടി എന്നിവര്‍ ചേര്‍ന്ന് ചെര്‍പ്പുളശ്ശേരി പോലിസ് സബ് ഇന്‍സ്പെക്ടര്‍ ബാബു രാജിന്റെ സാന്നിധ്യത്തില്‍ ആഭരണങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി. ചടങ്ങിനു സമിതി ഭാരവാഹികളായ ടി കുട്ടിക്കൃഷ്ണന്‍ സൈതലവി മാഷ്, റഫീഖ്, ഇര്‍ഷാദ്, ഹുസയ്ന്‍, പങ്കജാക്ഷന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ വധൂവരന്‍മാരുടെ വകയായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 5000 രൂപ എസ് ഐ ബാബുരാജിനു കൈമാറി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പൂതക്കാട് പ്രദേശത്തെ വിദ്യാഭ്യാസ-ആരോഗ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി മഹല്ല് കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. സൗജന്യ റേഷന്‍ പദ്ധതി, അവശ്യ സാധന വിതരണം തുടങ്ങി ഒട്ടനവധി ക്ഷേമ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് മഹല്ല് കമ്മിറ്റിക്കു കീഴില്‍ നടന്നുവരുന്നത്.

Vinkmag ad

Read Previous

കോവിഡിനിടയിലും ഏകാധിപത്യ തീരുമാനങ്ങളുമായി മോദി സർക്കാർ; ചോദ്യങ്ങളുമായി വട്ടംചുറ്റിച്ച് രാഹുൽ ഗാന്ധി

Read Next

ലോക്ക്ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങൾ; ഗതാഗത സർവ്വീസുകൾ നിയന്ത്രണങ്ങളോടെ അനുവദിക്കണമെന്ന് കേരളം

Leave a Reply

Most Popular