അധ്യാപികയെ കൊന്ന പ്രതിയും 130 കോടിയുടെ അഴിമതിക്കാരും ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍

റാഞ്ചി: അഴിമതിക്കാരെയും ക്രിമിനലുകളേയും കുത്തി നിറച്ച് ഝാര്‍ഖണ്ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 81 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 52 പേരടങ്ങുന്ന പട്ടികയാണ് ബി.ജെ.പി പുറത്തിറക്കിയത്. 2006- 08 കാലത്തെ മധുകോഡ സര്‍ക്കാരില്‍ 130 കോടി രൂപയുടെ മരുന്ന് കുംഭകോണത്തില്‍ ആരോപണവിധേയനായ ഭാനു പ്രതാപ് സാഹിയാണ് പട്ടികയില്‍ ഉള്‍പ്പെട്ട ഒരാള്‍.

മധുകോഡ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായ ഭാനുപ്രതാപിന് അഴിമതിക്കേസില്‍ സി.ബി.ഐയും ഇ.ഡിയും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ 2011ല്‍ അറസ്റ്റിലായ ഭാനുപ്രതാപ് രണ്ടുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു. ഇതിന് പുറമെ നാലായിരം കോടി രൂപയുടെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ഇദ്ദേഹം ആരോപണവിധേയനാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ഇദ്ദേഹം ബി.ജെ.പി അംഗത്വമെടുത്തതും. അതേസമയം, അവിഭക്ത ബിഹാറിലെ കാലിത്തീറ്റ കുംഭകോണം, ഝാര്‍ഖണ്ഡിനെ പിടിച്ചുകുലുക്കിയ 800 കോടി രൂപയുടെ ഖനന അഴിമതി തുടങ്ങിയവ പുറത്തുകൊണ്ടുവന്ന മുതിര്‍ന്ന നേതാവും മന്ത്രിയുമായ സരയു റായ്ക്ക് സീറ്റ് ലഭിച്ചതുമില്ല. മുഖ്യമന്ത്രി രഗുബര്‍ ദാസുമായി അത്ര സ്വരച്ഛേര്‍ച്ചയിലല്ല റായ്.

പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു ബി.ജെ.പി നേതാവ് ഷാഹി ഭൂഷണ്‍ മേത്ത സ്വന്തം സ്‌കൂളിലെ അധ്യാപികയെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയാണ്. റാഞ്ചിയിലെ ഒക്സ്ഫഡ് പബ്ലിക് സ്‌കൂള്‍ ഡയറക്ടറായിരിക്കെ 2012ലാണ് സ്ഥാപനത്തിലെ അധ്യാപിക സുചിത്ര മിശ്ര കൊല്ലപ്പെട്ടത്. കേസില്‍ അറസ്റ്റിലായ മേത്ത നിലവില്‍ ജാമ്യത്തിലാണ്. സുചിത്രയുമായുള്ള അവിഹിതം ബന്ധം ഒഴിവാക്കുന്നതിന് വേണ്ടി മേത്തയാണ് കൊലപാതകം ആസൂത്രണംചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ബന്ധം വളര്‍ന്നതിനെത്തുടര്‍ന്ന് വിവാഹത്തിന് നിര്‍ബന്ധിച്ചതോടെയാണ് ഇയാള്‍ അവരെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നാണ് പൊലിസ് പറയുന്നത്. കൊലപാതകത്തിന് കൂട്ടുനിന്ന മറ്റുപ്രതികള്‍ക്ക് സ്‌കൂളില്‍ ജോലിയും ഇയാള്‍ വാഗ്ദാനംചെയ്യുകയുണ്ടായി.

മേത്ത കഴിഞ്ഞമാസം മാത്രമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍ നിന്ന് രാജിവച്ച മേത്തക്ക് അംഗത്വം നല്‍കുന്നതില്‍ ബി.ജെ.പിക്കുള്ളിലും പ്രതിഷേധം ഉണ്ടായിരുന്നു. അംഗത്വം നല്‍കുന്ന ചടങ്ങിനോടനുബന്ധിച്ച് പാര്‍ട്ടി ആസ്ഥാനത്ത് സംഘര്‍ഷാവസ്ഥയും ഉണ്ടായി. ബി.ജെ.പി അനുകൂല കുടുംബമായ സുചിത്രമിശ്രയുടെ വീട്ടുകാര്‍ പ്ലക്കാര്‍ഡുകളുമായാണ് ചടങ്ങിനെത്തിയത്. മേത്തയ്ക്കെതിരെ ഇവര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതെല്ലാം അവഗണിച്ചാണ് അദ്ദേഹത്തിന് ഇപ്പോള്‍ സീറ്റും നല്‍കിയിരിക്കുന്നത്. പാന്‍കി മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്.

Vinkmag ad

Read Previous

മകളുടെ മരണത്തിനുത്തരവാദിസുദര്‍ശന്‍ പത്മാനഭന്‍; ഭയം മൂലം ശിരോവസ്ത്രം പോലും ധരിക്കാറില്ല

Read Next

മഹാത്മാഗാന്ധി മരിച്ചത് അപകടത്തില്‍ ! കണ്ടെത്തല്‍ ഒഡീഷ വിദ്യാഭ്യാസ വകുപ്പിന്റേത്

Leave a Reply

Most Popular