പാനൂരിനടുത്ത് പാലത്തായിയില്‍ 10 വയസ്സുകാരി സ്‌കൂളില്‍ വച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതി പത്മരാജൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡൻ്റും അധ്യാപകനുമായ പ്രതിക്കെതിരെ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
പ്രതിയുടെ അറസ്റ്റ് താമസിച്ചതിനാൽ വലിയ വിവാദങ്ങളുയർന്ന കേസിൽ അധ്യാപകനെതിരെ തെളിവുണ്ടന്നും പെണ്‍കുട്ടിയുടെ മൊഴി ക്രൈംബ്രാഞ്ചിന് എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കോടതി നിര്‍ദേശ പ്രകാരം കേസ് ഡയറിയും ഹാജരാക്കിയിരുന്നു.
തിങ്കാഴ്ച കേസ് പരിഗണിച്ച കോടതി ഇരയാക്കെപ്പെട്ട പെണ്‍കുട്ടിയുടെ മാതാവിന്റെ വാദം കൂടി കേള്‍ക്കന്നതിനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രതി കെ പത്മരാജന്‍ (പപ്പന്‍-45) മാര്‍ച്ച് 15 മുതല്‍ റിമാന്റിലാണ്. തലശ്ശേരി കോടതി ജാമ്യാപേക്ഷ തള്ളിയതിനെതുടര്‍ന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. പ്രതിക്ക് ജാമ്യം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ക്രൈബ്രാഞ്ച് അന്വേഷണം വൈകിപ്പിക്കുന്നു എന്ന ആരോപണം ശക്തമാണ്.
ഏപ്രില്‍ 22ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടും പാലത്തായി കേസന്വേഷണത്തില്‍ യാതൊരു ചലനവുമുണ്ടായില്ലെന്നാണ് ഉയരുന്ന ആരോപണം. ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയില്ല, പെണ്‍കുട്ടിയെ മറ്റൊരാള്‍ പീഡിപ്പിച്ചു എന്ന മാതാവിന്റെ പരാതിയില്‍ പറയുന്ന ആളെ പ്രതി ചേര്‍ത്തില്ല, പെണ്‍കുട്ടിയുടെയും ബന്ധുക്കളുടേയും മൊഴിയനുസരിച്ചുള്ള തെളിവുകള്‍ സമാഹരിച്ചില്ല, മുഖ്യപ്രതിയെ സഹായിച്ചവരെ കേസിലുള്‍പ്പെടുത്തിയില്ല എന്നിങ്ങനെ നീളുന്നു ക്രൈംബ്രാഞ്ചിൻ്റെ ഇടപെടലുകൾ
പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധനാ ഫലം പ്രതിഭാഗത്തിന് ചോര്‍ത്തി നല്‍കിയതിനെക്കുറിച്ചും അന്വേഷിച്ചിട്ടില്ല. മാനസിക നില പരിശോധനയുടെ പേരില്‍ പെണ്‍കുട്ടിയെ കോഴിക്കോട്ടെ സ്ഥാപനത്തിലെത്തിച്ച് പാനൂര്‍ പോലിസ് മാനസികമായി പീഡിപ്പിച്ചതിനെക്കുറിച്ച് അന്വേഷിച്ചില്ല തുടങ്ങിയ ആക്ഷേപങ്ങളും ക്രൈംബ്രാഞ്ചിനെതിരെയുണ്ട്.
