അധികാരം ഉറപ്പിച്ചതോടെ മധ്യപ്രദേശ് ബിജെപിയിലും അധികാര വടംവലി; മുൻ മുഖ്യമന്ത്രിയും ചീപ് വിപ്പും രംഗത്തെത്തി

മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ വീഴുമെന്ന് ഉറപ്പായതോടെ ബിജെപിയിൽ അധികാരവടംവലി ആരംഭിച്ചു. കോൺഗ്രസിലെ അധികാര തർക്കമാണ് ജ്യോതിരാദിത്യ സിന്ധ്യയുടെയും മറ്റ് എംഎൽഎമാരുടെയും രാജിയിൽ കലാശിച്ചത്. എന്നാൽ മറുഭാഗത്തും കാര്യങ്ങൾ അത്ര പന്തിയല്ല.

ബിജെപി മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, നിയമസഭയിലെ ചീഫ് വിപ്പ് നരോത്തം മിശ്ര എന്നിവരാണു മുഖ്യമന്ത്രി പദത്തിനായി മത്സര രംഗത്തുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ഉന്നതതല യോഗത്തിൽ ഇരു കൂട്ടരുടെയും അണികൾ ചേരിതിരിഞ്ഞു മുദ്രാവാക്യം വിളിച്ചു.

ജ്യോതിരാദിത്യ സിന്ധ്യയെ വരവേൽക്കാൻ ഇന്നലെ പാർട്ടി ആസ്ഥാനത്തു നിരത്തിയ ബാനറുകളിലും ഇരു നേതാക്കളും പരമാവധി വലുപ്പത്തിൽ മുഖംകൊടുക്കാൻ മത്സരിച്ചു. ബിജെപി എംഎൽഎമാരെ ഗുരുഗ്രാമിലുള്ള റിസോർട്ടിലേക്കു മാറ്റിയെങ്കിലും ഇരു നേതാക്കളും ഭോപാലിൽ തങ്ങി ചരടു വലിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ശിവരാജ് സിംങിൻ്റെ ബന്ധം അത്ര ഊഷ്മളമല്ല. എന്നാൽ, ജനപ്രീതിയിൽ മുന്നിലുള്ള ശിവരാജിനെ തഴയുക ദേശീയ നേതൃത്വത്തിന് എളുപ്പവുമല്ല. 15 വർഷം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന ശിവരാജ് തന്നെയാണു സംസ്ഥാനത്തെ ഏറ്റവും ജനപിന്തുണയുള്ള ബിജെപി നേതാവ്.

അതേസമയം, അമിത് ഷായുടെ അടുപ്പക്കാരനായ നരോത്തമിനു സംഘടനാതലത്തിൽ സ്വാധീനമുണ്ട്. ഇരുവരും തമ്മിൽ പോര് രൂക്ഷമായാൽ, ഡൽഹിയിൽ നിന്നു കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിനെ കെട്ടിയിറക്കാനും സാധ്യതയുണ്ടെന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. മുഖ്യമന്ത്രിയുടെ നിയമനത്തിൽ ആർഎസ്എസിന്റെ ഇടപെടലുണ്ടായാൽ സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമയ്ക്കു നറുക്കു വീണേക്കാം.

പ്രതീക്ഷയുടെ അളവുകോലിൽ ശിവരാജ് സിങ് തന്നെയാണു മുന്നിൽ. നടപ്പിലും ഭാവത്തിലും അദ്ദേഹത്തിൽ മുഖ്യമന്ത്രിയുടെ നിഴലാട്ടം പ്രകടം. ഇന്നലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയ മാധ്യമപ്രവർത്തകരോട് സഹായി പറഞ്ഞതിങ്ങനെ; ‘അൽപം കാത്തിരിക്കൂ, സിഎം തിരക്കിലാണ്!’

Vinkmag ad

Read Previous

അമേരിക്കന്‍ പ്രസിണ്ടന്റ് ട്രംപിനൊപ്പം ഫോട്ടോയ്ക്ക് നിന്ന ബ്രസിലിയന്‍ പ്രസ് സെക്രട്ടറിയ്ക്ക് കൊറോണ; വൈറ്റ് ഹൗസ് ഞെട്ടലില്‍

Read Next

ദേവനന്ദയുടെ മരണം: ശാസ്ത്രീയ പരിശോധന ഫലം പുറത്ത്; വെള്ളവും ചെളിയും ഉള്ളിൽ ചെന്നു മരിക്കാൻ ഇടയാകുന്ന സാഹചര്യം

Leave a Reply

Most Popular