അതിർത്തിയിൽ ചൈനീസ് സൈന്യം പ്രകോപനം തുടരവേ പ്രതിരോധം ശക്തിപ്പെടുത്താൻ ഇന്ത്യ. കൂടുതൽ സേനയെ അതിർത്തിയിൽ വിന്യസിക്കുകയാണ് ഇന്ത്യ. അതിശൈത്യത്തെയും അവഗണിച്ചാണ് ഇന്ത്യൻ സേന പ്രതിരോധം തീർക്കുന്നത്. ഇതിനായി ശൈത്യത്തോട് പൊരുതി പരിചയമുള്ള പട്ടാളക്കാരെയാണ് അതിർത്തിയിലേക്ക് അയച്ചിരിക്കുന്നത്.
നയതന്ത്ര തലത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകാത്ത ഭരണകർത്താക്കളുടെ പിടിപ്പുകേടാണ് അതിർത്തിയിലെ പ്രശ്നത്തിന് പിന്നിലെന്ന് രൂക്ഷ വിമർശനം ഉയരുകയാണ്. ചൈന അതിർത്തിയിൽ നടത്തുന്ന സൈനീക വിന്യാസം രാഷ്ട്രീയമായും അലോസരമുണ്ടാക്കുകയാണ്.
തണുപ്പ് കാലത്ത് സൈനികർക്ക് അത്യാവശ്യമുള്ള വസ്ത്രങ്ങളും, മഞ്ഞുകൂടാരങ്ങളും നിർമ്മിക്കുന്നവരെ കണ്ടെത്താൻ അമേരിക്ക, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ എംബസികളിലുള്ള പ്രതിരോധ സേനകളോട് ഇന്ത്യൻ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.
1984 ൽ സിയാച്ചിനിൽ നടന്ന ഓപ്പറേഷൻ മെഗ്ദൂട്ടിന് ശേഷം, ബൂട്ടുകൾ, കയ്യുറകൾ എന്നിങ്ങനെയുള്ള ശൈത്യകാലത്തെ നേരിടാനാവശ്യമായ സാധനങ്ങൾ പ്രാദേശിക നിർമ്മാതാക്കളിൽ നിന്നാണ് വാങ്ങുന്നത്. ലഡാക്കിൽ അടുത്തിടെ 35,000 സൈനികരെ കൂടി ഉൾപ്പെടുത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം അധികൃതർ തള്ളിക്കളഞ്ഞിരുന്നു. എന്നിരുന്നാലും, അടുത്ത വർഷം പി.എൽ.എ ആക്രമണം നടത്താതിരിക്കാൻ പ്രത്യേക മേഖലകളിൽ സൈനികർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നാണ് സൂചന.
‘പി.എൽ.എയുടെ ആക്രമണത്തിന് ശേഷം, ഞങ്ങൾ ചൈനക്കാരെ വിശ്വസിക്കുന്നില്ല, 2021 ൽ വേനൽക്കാലം എത്തുമ്പോൾ അവർ വീണ്ടും പാങ്കോംഗിൽ നുഴഞ്ഞുകയറിയേക്കാമെന്ന് ആശങ്കയുണ്ട്. ‘ ഒരു സൈനിക കമാൻഡർ പറഞ്ഞു. ലഡാക്ക് മേഖലയിലെ പിഎൽഎ ആക്രമണം ഇരു സൈന്യങ്ങളും തമ്മിലുള്ള ബന്ധത്തെ വഷളാക്കി. ഇരു രാജ്യങ്ങൾക്കിടയിലും സമാധാന ചർച്ചകളെല്ലാം അവഗണിച്ചാണ് ചൈനീസ് ആക്രമണം ഉണ്ടായത്. കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ഗൽവാൻ താഴ്‌വരയിൽ ജൂൺ 15 നു രാത്രിയുണ്ടായ ചൈനീസ് അതിക്രമത്തിൽ കേണലടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത്.
