ദേശീയ മാദ്ധ്യമങ്ങളിലെ ചാനൽ ചർച്ചകളിൽ പലതും അവതാരകരുടെ ആക്രോശങ്ങൾ നിറഞ്ഞ തെരുവ് സംഘട്ടനം പോലെയാണ്. യുക്തിക്ക് നിരക്കാത്ത കപട ദേശസ്നേഹം മാത്രം വഴിഞ്ഞൊഴുകുന്ന ഇവയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വലി അധിക്ഷേപമാണ് ഉയരുന്നത്.
ഇത്തരത്തിൽ ഒരു പരാമർശമാണ് അജ്മീറിലെ സൂഫിവര്യൻ ഖ്വാജ മൊയിനുദ്ദീൻ ചിശ്തിക്കെതിരെ ന്യൂസ് 18 വാർത്താ അവതാരകൻ അമിഷ് ദേവഗൺ നടത്തിയത്. ഒരു ചർച്ചക്കിടെ ചിശ്തിയെ അമിഷ് ദേവ്ഗൺ ‘കള്ളൻ’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കത്തിപ്പടർന്നു.
ന്യൂസ് 18 ഹിന്ദി ചാനലിൻ്റെ ഓഫീസിന് മുന്നിലും പ്രതിഷേധ പ്രകടനം നടന്നിരുന്നു. തുടർന്ന് റാസ അക്കാദമി പൊലീസിൽ പരാതി നൽകുകയും ചെയ്തു. അവതാരകനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പോലീസ് അമിഷ് ദേവഗ്ണെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.
‘മുസ്ലിം സമുദായത്തിനെതിരെ വർഗീയപരമായ ഉദ്ദേശ്യത്തോടെയാണ് അവതാരകൻ അത്തരമൊരു പരാമർശം നടത്തിയത്. അജ്മീർ ദർഗയിൽ മുസ്ലിങ്ങൾ മാത്രമല്ല, മറ്റു മതവിഭാഗക്കാരും ധാരാളമായി എത്താറുണ്ട്. അവരുടെയെല്ലാം വികാരത്തെയാണ് അമിഷ് ദേവ്ഗൺ മുറിപ്പെടുത്തിയത്. -’ പരാതി നൽകിയശേഷം ദർഗ ഖാദി സെയ്ദ് സർവാർ ചിശ്തി പറഞ്ഞു.
