ഹിന്ദു ദേവതയുടെ ചിത്രം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളിയെ പരിഹസിക്കാൻ ശ്രമിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മൂത്തമകൻ യെയിർ നെതന്യാഹു കുരുക്കിലായി.
ദുർഗാ ദേവിയുടെ ചിത്രത്തിൽ മുഖം മാറ്റി പകരം തന്റെ അച്ഛനെതിരെ അഴിമതി ആരോപണം ഉന്നയിച്ച അഭിഭാഷകയുടെ മുഖം ചേർത്ത് യെയിർ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തു. കൈകൊണ്ട് അശ്ലീല ആംഗ്യം കാണിക്കുന്ന നിലയിലായിരുന്നു ചിത്രം. അച്ഛന് കട്ട സപ്പോർട്ട് കൊടുക്കാനാണ് ശ്രമിച്ചതെങ്കിലും പിന്നീട് നടന്നത് ഭീകരമായിരുന്നു.
യെയിർ നെതന്യാഹു ട്വീറ്റ് ചെയ്ത ചിത്രം ചിലർ മനഃപൂർഡവ്വം ഇസ്രയേലിലെ ഒരു ലിബറൽ ദുർഗാ ദേവിയെ കളിയാക്കുന്നു എന്ന തലക്കെട്ടോടെ റീട്വീറ്റ് ചെയ്തു. പിന്നാലെ ട്വിറ്ററിൽ സജീവമായ സംഘപരിവാർ അനുയായികളുടെ പൊങ്കാലയും എത്തി.
തെറ്റ് മനസിലായ യെയിർ ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട ചിത്രമാണെന്ന് അറിയില്ലായിരുന്നുവെന്നും ഒരു ആക്ഷേപഹാസ്യ പേജിൽ നിന്നും ഷെയർ ചെയ്‌ത മീമാണിതെന്നും യെയിർ പറഞ്ഞുനോക്കി. പോസ്‌റ്റ് പിൻവലിച്ചെന്നും മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞെങ്കിലും പൊങ്കാല അടങ്ങിയിട്ടില്ല.
