ഡല്‍ഹി കലാപത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡൽഹി ന്യൂനപക്ഷ കമ്മീഷന്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം നടത്താനായി പുറത്തുനിന്ന് 2000 ആളുകളെ എത്തിച്ചതായി ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്ലാം ഖാന്‍ പറഞ്ഞു. പ്രമുഖ ന്യൂസ് പോർട്ടലായ ‘ദി വയർ’നോടാണ് കമ്മീഷൻ വെളിപ്പെടുത്തൽ നടത്തിയത്.
മുസ് ലിംകള്‍ക്കെതിരേ ആക്രമണം അഴിച്ചുവിടാനുള്ള ഗൂഢാലോചനയുടെ ഭാഗമായി പുറത്തുനിന്നുള്ള 1,500 മുതല്‍ 2,000 വരെ ആളുകളെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ എത്തിച്ച് 24 മണിക്കൂറോളം അവിടെ പാര്‍പ്പിച്ചെന്നാണ് കമ്മീഷന്‍ ആരോപിച്ചിരിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഗുതുരര ആരോപണമുന്നയിച്ചത്.
മുസ്ലിങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിന് മുമ്പ് അക്രമികളില്‍ ഭൂരിഭാഗവും പ്രദേശത്തെ സ്‌കൂളുകളില്‍ താമസിച്ചതായി അദ്ദേഹം വ്യക്തമാക്കി. ‘ഇത് ആസൂത്രിതമായ അക്രമമായിരുന്നു എന്നാണ് തങ്ങളുടെ കണ്ടെത്തല്‍, ആളുകളെ പുറത്തു നിന്നു കൊണ്ടു വന്നിരുന്നു. പോലിസും രഹസ്യാന്വേഷണ വിഭാഗവും അവര്‍ എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്തണമെന്നും സഫറുല്‍ ഇസ്ലാം ഖാന്‍ ആവശ്യപ്പെട്ടു
അക്രമത്തില്‍ ഏര്‍പ്പെട്ടവരുടെയും മുഖംമൂടിയും ഹെല്‍മെറ്റുകളും ധരിച്ചവരുടെയും ഫോട്ടോകള്‍ ന്യൂനപക്ഷ കമ്മീഷന്‍ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 1,500 മുതല്‍ 2,000 വരെ ആളുകള്‍ ഈ പ്രദേശങ്ങളില്‍ നിന്ന് പ്രശ്‌നമുണ്ടാക്കാന്‍ എത്തിയിട്ടുണ്ട്. പോലിസുമായി സഹകരിച്ചാണ് ന്യൂനപക്ഷ സമിതി സംഘം കലാപബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം തുടങ്ങുന്നതിനുമുമ്പ് 24 മണിക്കൂറിലധികം പ്രദേശത്തെ ചില സ്‌കൂളുകള്‍ ‘പുറത്തുനിന്നുള്ളവര്‍’ കൈവശപ്പെടുത്തിയതായും തങ്ങളുടെ ഇടക്കാല റിപോര്‍ട്ടില്‍ ഇക്കാര്യം സവിസ്താരം പ്രതിപാദിക്കുന്നുണ്ടെന്നും മറ്റു കണ്ടെത്തലുകള്‍ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. പാനല്‍ അപ്പീല്‍ നല്‍കിയതിന് ശേഷമാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ഈ അക്രമം ആരംഭിച്ചതുമുതല്‍ കമ്മീഷന്‍ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരികയാണ്. വ്യക്തിഗത കേസുകളില്‍ പോലും തങ്ങള്‍ നോട്ടീസുകളും ഉത്തരവുകളും നല്‍കി കൊണ്ടിരിക്കുകയാണെന്നും ഖാന്‍ പറഞ്ഞു.
പോലിസിന്റെ അഭാവം കലാപകാരികളെയും തീവയ്പുകാരെയും പ്രോത്സാഹിപ്പിച്ചതായി പ്രദേശവാസികള്‍ പറഞ്ഞതായി ഖാന്‍ വ്യക്തമാക്കി. ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ ഫെബ്രുവരി 24, 25 തീയതികളില്‍ മിക്ക അക്രമങ്ങളും നടന്നപ്പോഴും പോലിസ് സാന്നിധ്യം കുറവായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
