വസ്ത്രം മാറ്റാതെയുള്ള സ്പര്‍ശനം ലൈംഗിക പീഡനമല്ലെന്ന വിവാദ ഉത്തരവിന് സ്റ്റേ

വസ്ത്രം മാറ്റാതെയുള്ള സ്പര്‍ശനം ലൈംഗിക പീഡനമല്ലെന്ന ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വസ്ത്രം മാറ്റാതെ പന്ത്രണ്ടുകാരിയുടെ മാറിടത്തില്‍ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന വിവാദ ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. ഇത്തരം ഉത്തരവുകള്‍ അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ നടപടിയും റദ്ദാക്കി. അതേസമയം, സ്വമേധയാ നടപടിയെടുക്കണമെന്ന എജിയുടെ ആവശ്യം നിരാകരിച്ച സുപ്രീംകോടതി ഉത്തരവിനെ ചോദ്യംചെയ്തുള്ള വിശദമായ ഹര്‍ജി സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസമാണ് പോക്‌സോ കേസില്‍ പ്രതിയെ വെറുതെ വിട്ടുകൊണ്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതി പന്ത്രണ്ടുകാരിയുടെ മാറിടത്തില്‍ തൊട്ടത് ലൈംഗിക ഉദ്ദേശ്യത്തോടയാണെന്ന് പറയാനാവില്ലെന്നായിരുന്നു കോടതിയുടെ അഭിപ്രായം. പോക്‌സോ അനുസരിച്ചുള്ള കേസ് നിലനില്‍ക്കണമെങ്കില്‍ ചര്‍മ്മം ചര്‍മ്മത്തോടു ചേര്‍ന്നുള്ള സ്പര്‍ശനം വേണം.

വസ്ത്രം മാറ്റാതെയുള്ള സ്പര്‍ശനം ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്നായിരുന്നു ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയുടെ നിരീക്ഷണം. ഉത്തരവ് വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

 

Read Previous

താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ യാതൊരു മടിയുമില്ലാത്ത അണികളെ സൃഷ്ടിച്ചതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മികവെന്ന് എ വിജയരാഘവന്‍

Read Next

വീണ്ടും നെഞ്ചുവേദന; സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Leave a Reply