അലിഅക്ബറിന്റെ സിനിമ വിലക്കിയാല്‍ ആഷിഖ് അബുവിന്റെ സിനിമയും തിയേറ്റര്‍ കാണില്ല; ഭീഷണിയുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍

അലിഅക്ബറിന്റെ സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ ആഷിഖ് അബുവിന്റെ സിനിമയും തിയേറ്റര്‍ കാണില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിലാണ് ഭീഷണിയുമായി സന്ദീപ് വാര്യര്‍ എത്തിയത്.

ആഷിഖ് അബുവും സംഘവും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിച്ച് കൊണ്ട് സിനിമ എടുക്കുമെന്ന് പ്രഖ്യാപനം നടത്തി. ഇതിനെ വെല്ലുവിളിച്ച് അലി അക്ബര്‍ സിനിമ പ്രഖ്യാപിച്ചത് യഥാര്‍ത്ഥ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് പ്രേരണയാകുമെന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞു.

”മലബാര്‍ ഹിന്ദു വംശഹത്യ ഹിന്ദുവിന്റെ പരാജയത്തിന്റെ ചരിത്രമല്ല, മറിച്ച് ഹൈന്ദവ ജനതയുടെ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ചരിത്രമാണ്” എന്നാണ് സന്ദീപ് വാര്യര്‍ പരിപാടിയില്‍ പറഞ്ഞത്.

സിനിമയെ ഉപയോഗിച്ച് അസത്യ പ്രചാരണങ്ങള്‍ നടക്കുമ്പോള്‍ അതേ മാധ്യമം ഉപയോഗിച്ച് തന്നെ പ്രതിരോധം ഉണ്ടാകുമെന്നാണ് പൂജ ഉദ്ഘാടനം ചെയ്ത് സ്വാമി ചിദാനന്ദപുരി പറഞ്ഞത്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പരിപാടി.

ഇടത് അനുകൂല കലാകാരന്മാര്‍ ചരിത്രം വളച്ചൊടിച്ച് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസൃതമായി സിനിമ എടുക്കുമ്പോള്‍ ചരിത്രത്തെ വളച്ചൊടിക്കാതെ സിനിമ എടുക്കാനാണ് താന്‍ ചിത്രമെടുക്കുന്നതെന്നാണ് സിനിമ പ്രഖ്യാപിച്ച് കൊണ്ട് അലി അക്ബര്‍ പറഞ്ഞിരുന്നത്.

അതേസമയം അലി അക്ബറിന്റെ സിനിമയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.യഥാര്‍ത്ഥ ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതാണ് സംഘപരിവാറിന്റെ നീക്കമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.

Read Previous

‘ബ്രേക്ക് ശരിയാക്കാന്‍ പറ്റില്ല, അതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട്’; കേന്ദ്ര ബജറ്റിനെതിരെ പരിഹാസം രൂക്ഷം

Read Next

ആര്‍എസ്എസിന്റെ സൈനിക വിദ്യാലയത്തിന് കേന്ദ്രത്തിന്റെ പിന്തുണ; ബജറ്റ് പ്രഖ്യാപനത്തില്‍ ദുരൂഹത

Leave a Reply