
ദുരൂഹമായ നിയമ നിർമ്മാണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച വിപ്പ് എംപിമാർക്ക് നൽകിയിരിക്കുകയാണ് ബിജെപി. ഫെബ്രുവരി എട്ടു മുതൽ 12 വരെയുള്ള തിയ്യതികളിൽ രാജ്യസഭയിൽ നിർബന്ധമായും ഹാജരായിരിക്കണമെന്നാണ് വിപ്പിലുള്ളത്.
‘വളരെ പ്രധാനപ്പെട്ട’ കാര്യങ്ങളിൽ ചർച്ചയും നിയമനിർമാണവും നടക്കാനുണ്ട് എന്നാണ് വിപ്പിൽ പറയുന്നത്. മൂന്ന് വരിയുള്ള വിപ്പാണ് എംപിമാർക്ക് ലഭിച്ചിരിക്കുന്നത്.
പാർലമെന്റ് പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ വൻ കർഷക പ്രതിഷേധം നടന്നു കൊണ്ടിരിക്കുന്ന വേളയിലാണ് ബിജെപി വിപ്പ്. പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് 15 മണിക്കൂർ പാർലമെന്റിൽ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രം തീരുമാനിച്ചിട്ടുമുണ്ട്.
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ദിവസം അഞ്ചു മണിക്കൂറാണ് രാജ്യസഭ ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച പാർലമെന്റിനെ അഭിസംബോധന ചെയ്യും. പ്രസംഗം ബഹിഷ്കരിക്കാൻ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.