
ഭൂരിപക്ഷം തെളിയിക്കാനാകാതെ പുതുച്ചേരിയിൽ വി.നാരായണസ്വാമി സർക്കാർ നിലംപൊത്തി. ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിന് മുൻപ് നാരായണസ്വാമിയും കോൺഗ്രസ് അംഗങ്ങളും സഭ ബഹിഷ്കരിച്ചു.
സഭ അനിശ്ചിതകാലത്തേക്കു പിരിച്ചുവിട്ടു. മുഖ്യമന്ത്രി വി. നാരായണസാമി രാജിവച്ചു. രാജ്നിവാസിലെത്തി അദ്ദേഹം ലഫ്. ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. തനിക്കൊപ്പം മന്ത്രിമാരും കോണ്‍ഗ്രസ്, ഡിഎംകെ, സ്വതന്ത്ര എംഎല്‍എമാരും രാജി സമര്‍പ്പിച്ചതായി എന്‍. നാരായണസാമി പറഞ്ഞു.
തെക്കേ ഇന്ത്യയിലെ ഏക കോൺഗ്രസ് മന്ത്രിസഭയാണ് നിലംപൊത്തിയത്. ബിജെപിയും ഓള് ഇന്ത്യന്‍ എന്‍.ആര് കോണ്‍ഗ്രസും ചേര്‍ന്നാണ് സര്‍ക്കാരിനെ അട്ടിമറിച്ചതെന്ന് രാജിക്ക് ശേഷം മുഖ്യമന്ത്രി ആരോപിച്ചു. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടവകാശം നല്കിയ സ്പീക്കറുടെ നടപടി തെറ്റാണെന്നും ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും നാരായണസാമി പറഞ്ഞു. പുതുച്ചേരിയിലെ ജനങ്ങള്‍ ഇവരെ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നാരായണസാമി പുതുച്ചേരിയിലെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രി ആയിരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ വി. സാമിനാഥന്‍ പറഞ്ഞു. പുതുച്ചേരി മുന്‍മുഖ്യമന്ത്രി എന്‍. രംഗസ്വാമി കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് 2011ല്‍ ആരംഭിച്ച എന്‍.ആര് കോണ്‍ഗ്രസ് ഇപ്പോള്‍ എന്‍ഡിഎയുടെ ഭാഗമാണ്.
പുതുച്ചേരിയില്‍ എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്കിനു പിന്നാലെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്നു വിശ്വാസവോട്ട് തേടിയത്. ഞായറാഴ്ച രണ്ട് എംഎല്‍എമാര്‍ കൂടി രാജിവച്ചതോടെതോടെയാണു നാരായണസാമി സര്‍ക്കാരിന്റെ നില പരുങ്ങലിലായത്. ഇപ്പോള്‍ കോണ്‍ഗ്രസിന് സ്പീക്കര്‍ ഉള്‍പ്പെടെ 12 അംഗങ്ങളേ ഉള്ളൂ; പ്രതിപക്ഷത്ത് 14 പേരും.