തെരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചടിച്ച് മമത ബാനർജി; ഇന്ധന വില കുറച്ച് തീരുമാനം

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമബംഗാളിൽ ഇന്ധന വിലകുറച്ച് മുഖ്യമന്ത്രി മമത ബാനർജി. ജനജീവിതത്തെ താറുമാറാക്കി കുതിച്ച് കയറുന്ന ഇന്ധന വിലയിൽ മോദി സർക്കാരിന് ഇടപെടാൻ തന്നെ കഴിയാത്ത അവസ്ഥയിലാണ് മമത ബാനർജിയുടെ നിർണ്ണായക ഇടപെടൽ.

സംസ്ഥാന നികുതി കുറച്ചാണ് മമതയുടെ നടപടി. പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ധനകാര്യമന്ത്രി അമിത് മിത്രയാണ് നികുതി കുറച്ച കാര്യം അറിയിച്ചത്. ഇന്ധനവില വര്‍ധനയില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനാണ് നടപടിയെന്ന് അമിത് മിത്ര പറഞ്ഞു.

ഒരു ലിറ്റര്‍ പെട്രോളില്‍ 32.90 രൂപയാണ് കേന്ദ്ര നികുതി. 18.46 രൂപയാണ് സംസ്ഥാന നികുതിയെന്ന് അമിത് മിത്ര പറഞ്ഞു. ഡീസലിന്റെ കാര്യത്തില്‍ 31.80 രൂപയാണ് കേന്ദ്ര നികുതി. സംസ്ഥാനത്തിന് 12.77 രൂപ മാത്രമാണ് ഒരു ലിറ്റര്‍ ഡീസലില്‍ നിന്ന് ലഭിക്കുന്നതെന്നും അമിത് മിത്ര വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ഇന്ധനനികുതി കുറയ്ക്കില്ലെന്നാണ് ധനകാര്യമന്ത്രി തോമസ് ഐസക് അറിയിച്ചത്. കേരളം ഇന്ധനനികുതി ഇതുവരെ വര്‍ധിപ്പിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരാണ് ഇന്ധന വില കൂട്ടിയത്. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുമ്പോള്‍ വില കുറയ്ക്കാനാവില്ല. ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് സംസ്ഥാനത്തിന് എതിര്‍പ്പില്ലെന്നും തോമസ് ഐസക് പറഞ്ഞു.

Read Previous

സമരം കടുപ്പിക്കാൻ ഉദ്യോഗാർത്ഥികൾ; നാളെ ഉത്തരവ് ഇറങ്ങിയില്ലെങ്കിൽ നിരാഹാരം

Read Next

ബിജെപി നടത്തുന്ന ഇടപടലുകൾ ക്രിസ്ത്യാനികളെ അവരുമായി അടുപ്പിച്ചില്ലെന്ന് ഏഷ്യാനെറ്റ് സർവ്വേ;

Leave a Reply