റോഡുകൾ അടച്ച കർണാടകത്തിൻ്റെ നടപടി ചട്ടലംഘനം; അതിർത്തി വീണ്ടും വിവാദത്തിലേക്ക്

കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ച് കര്‍ണാടക. കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേന്ദ്രത്തിൻ്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.

കാസര്‍കോട് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാം അടച്ചു. ബസ് യാത്രക്കാര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് രേഖ നിര്‍ബന്ധമാക്കി. രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ക്കു നിയന്ത്രണമില്ല. വയനാട് ബാവലി ചെക്ക്പോസ്റ്റിൽ കേരള വാഹനങ്ങൾ തടഞ്ഞത് വാക്കുതർക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി.

ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയാണു ബാവലിയിൽ കർണാടക ഉദ്യോഗസ്ഥർ തടഞ്ഞിട്ടത്. ഇതോടെ കേരളത്തിലേക്ക് വന്ന കർണാടക വാഹനങ്ങളും യാത്രക്കാർ തടഞ്ഞു. തുടർന്നു പ്രാദേശിക രാഷ്ട്രീയ നേതാക്കളും പൊലീസും ചേർന്നു ചർച്ച നടത്തി കർശന ഉപാധികളോടെ വാഹനങ്ങള്‍ കടത്തിവിട്ടു. ഇനി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല.

നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ 15 ദിവസം കൂടുമ്പോൾ കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത്തരം വാഹനങ്ങളുടെ വിവരങ്ങൾ ചെക്ക് പോസ്റ്റുകളിൽ റജിസ്റ്റർ ചെയ്തശേഷമാണ് കടത്തിവിടുന്നത്. എന്നാൽ വയനാട് കർണാടക അതിർത്തിയിലെ മറ്റ് ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയിട്ടില്ല.

Read Previous

ഭരണത്തുടർച്ച പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ ഫലം; കേവല ഭൂരിപക്ഷത്തിന് അടുത്തെത്താനാകാതെ യുഡിഎഫ്

Read Next

വിദ്യാർത്ഥികൾ മണ്ടത്തരം പഠിക്കേണ്ട: പശുപരീക്ഷ മാറ്റിവച്ചു

Leave a Reply