അമ്മ ആത്മഹത്യ ചെയ്യാനായി എലിവിഷം ചേര്‍ത്ത് വെച്ച ഐസ്‌ക്രീം എടുത്തുകഴിച്ച നാലു വയസുകാരന് ദാരുണാന്ത്യം

അമ്മ ആത്മഹത്യ ചെയ്യാനായി എലിവിഷം ചേര്‍ത്ത് തയ്യാറാക്കി വെച്ച ഐസ്‌ക്രീം എടുത്തുകഴിച്ച് നാലു വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടിന് അടുത്ത് അജാനൂര്‍ കണ്ടാപുരത്ത് അദൈ്വതാണ് മരിച്ചത്. എലിവിഷം ചേര്‍ത്ത ഐസ്‌ക്രീം കുട്ടി യാദൃച്ഛികമായി കഴിക്കുകയായിരുന്നു എന്ന് ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ മണി പറഞ്ഞു. ഐസ്‌ക്രീം കഴിച്ച അമ്മ വര്‍ഷയും സഹോദരി ദൃശ്യയും ആശുപത്രിയില്‍ ചികില്‍സയിലാണ്.

ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 11 ന് വ്യാഴാഴ്ച ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത് വെയ്ക്കുകയും, കുറച്ച് കഴിക്കുകയും ചെയ്തുവെന്നാണ് 28 കാരിയായ വര്‍ഷ പൊലീസിനോട് പറഞ്ഞത്. ഇതിനിടെ ക്ഷീണം മൂലം ഉറങ്ങിപ്പോയെന്നും ഉണര്‍ന്ന് നോക്കിയപ്പോള്‍ മേശപ്പുറത്തു വെച്ചിരുന്ന രണ്ട് ബോക്‌സ് ഐസ്‌ക്രീമും കാണാനുണ്ടായിരുന്നില്ലെന്നും വര്‍ഷ പറയുന്നു.

ഇത് വര്‍ഷയുടെ കുട്ടികളായ അദ്വൈതും നിസ്സാനും (2 വയസ്സ്), യുവതിയുടെ 19 കാരിയായ സഹോദരി ദൃശ്യയും കഴിക്കുകയായിരുന്നു. എന്നാല്‍ ആര്‍ക്കും അസ്വസ്ഥതകളൊന്നും തോന്നാതിരുന്നതിനാല്‍ വര്‍ഷ ഇക്കാര്യം ആരോടും പറഞ്ഞില്ല. എന്നാല്‍ രാത്രി ആയതോടെ അദൈ്വത് ഛര്‍ദ്ദിക്കാന്‍ തുടങ്ങി. എന്നാല്‍ അതേ ദിവസം തന്നെ ഇവര്‍ അടുത്ത റസ്‌റ്റോറന്റില്‍ നിന്നും ബിരിയാണി വാങ്ങിക്കഴിച്ചിരുന്നു. അതുമൂലമാകും ഛര്‍ദ്ദി എന്നാണ് വീട്ടിലുള്ളവര്‍ കരുതിയത്. അസ്വസ്ഥതകളൊന്നും തോന്നാതിരുന്നതില്‍ കഴിച്ചത് എലിവിഷമാകില്ലെന്നാണ് താനും കരുതിയെന്നാണ് വര്‍ഷ പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ പുലര്‍ച്ചെയോടെ ഛര്‍ദ്ദി കലശലായി അവശനിലയിലായ അദൈ്വത് മരിച്ചു. ഇതിന്റെ പിറ്റേന്ന് വര്‍ഷയുടെ സഹോദരി ദൃശ്യയും കുഴഞ്ഞു വീണു. ഇതോടെയാണ് വിഷയത്തില്‍ പൊലീസ് അന്വേഷണം നടന്നത്. വര്‍ഷ, രണ്ടു സഹോദരികള്‍, അമ്മ, വര്‍ഷയുടെ രണ്ടു കുട്ടികള്‍ എന്നിവരാണ് വീട്ടില്‍ താമസിച്ചിരുന്നത്. മരിച്ച അദൈ്വതിന്റെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Read Previous

ഏറ്റവും തീവ്രമായ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയല്ലേ? വിവാദ പരാമര്‍ശവുമായി എ വിജയരാഘവന്‍

Read Next

മെട്രോമാൻ ഇ. ശ്രീധരൻ ബിജെപിയിൽ ചേരും; പാർട്ടി പ്രവേശനം കെ.സുരേന്ദ്രൻ്റെ വിജയയാത്രയ്ക്കിടെ

Leave a Reply