വിദ്യാർത്ഥികൾ മണ്ടത്തരം പഠിക്കേണ്ട: പശുപരീക്ഷ മാറ്റിവച്ചു

സിലബസിലെ മണ്ടത്തരങ്ങൾ കൊണ്ട് വിവാദമായ പശു പരീക്ഷ മാറ്റിവച്ചു. രാഷ്ട്രീയ കാമധേനു ആയോഗിൻ്റെ മേൽനോട്ടത്തിൽ ഈ മാസം 25ന് നടത്താനിരുന്ന പരീക്ഷയാണ്  മാറ്റിവച്ചത്. 21ന് നടത്താനിരുന്ന മാതൃകാ പരീക്ഷയും മാറ്റവച്ചിരുന്നു.

പശു പ്രധാന വിഷയമാക്കിയ ഓൺലൈൻ പരീക്ഷയിൽ രാജ്യത്തെ അഞ്ച് ലക്ഷത്തോളം പേർ പങ്കെടുക്കും എന്നായിരുന്നു പുറത്ത് വന്ന കണക്ക്. ‘പശു ശാസ്ത്ര’ പരീക്ഷയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്യത്തെ 900 സർവകലാശാലകളിലെ വൈസ് ചാന്‍സലർമാരോടു യുജിസി നിര്‍ദേശിച്ചത് വിവാദമായിരുന്നു.

കേന്ദ്ര മൃഗസരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള സ്ഥാപനമായ രാഷ്ട്രീയ കാമധേനു ആയോഗാണ് പരീക്ഷയുടെ പിന്നിൽ. പരീക്ഷയ്ക്കുള്ള സ്റ്റഡി മെറ്റീരിയൽ നിറയെ മണ്ടത്തരമായിരുന്നു. ഇതും വിവാദത്തിന് വഴിവച്ചു. അത് ഇവരുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

പശുക്കളെ കൊന്നാൽ ഭൂകമ്പമുണ്ടാകുമെന്ന് ഗോവധവും ഭൂമികുലുക്കവുമെന്നും റഫറൻസ് രേഖയിൽ പറഞ്ഞിരുന്നു. ഊർജശാസ്ത്രജ്ഞൻമാരായ എം.എം. ബജാജു, ഇബ്രാഹീം, വിജയരാജ് സിങ് എന്നിവർ ഇതിന് തെളിവുകൾ കണ്ടെത്തിയതായും വ്യക്തമാക്കുന്നു. അനിയന്ത്രിത കശാപ്പും ഭൂമികുലുക്കവും തമ്മിൽബന്ധമുണ്ട്.

പശുക്കൾ കൊല്ലപ്പെടുന്ന സമയത്ത് ശരീരത്തിൽനിന്ന് പ്രവഹിക്കുന്ന നെഗറ്റീവ് ഊർജതരംഗങ്ങൾ ഭൗമാന്തരീക്ഷത്തിന് മാറ്റം വരുത്തി ഭൂമികുലുക്കത്തിലേക്ക്‌ നയിക്കുന്നുവെന്നാണ് ഇതിൽ പറയുന്നത്. ഗോമൂത്രം കുഷ്ഠരോഗത്തിന് പരിഹാരമാണെന്നും ചാണകം താഴെ വീഴും മുമ്പുതന്നെ കിട്ടിയാൽ അതിന്റെ ഊർജം വളരെ വലുതായിരിക്കുമെന്നും റഫറൻസ് രേഖ പറയുന്നു.

Read Previous

റോഡുകൾ അടച്ച കർണാടകത്തിൻ്റെ നടപടി ചട്ടലംഘനം; അതിർത്തി വീണ്ടും വിവാദത്തിലേക്ക്

Read Next

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്; ജോസഫ് പക്ഷത്തിന് വീണ്ടും തിരിച്ചടി

Leave a Reply