നിയമസഭയിൽ ബിജെപി പൂജ്യമാകും? നേമം മണ്ഡലം കൈവിടുമെന്ന് നിരീക്ഷകർ

നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി പൂജ്യത്തിൽ ഒരുങ്ങുമെന്ന് രാഷ്ട്രീയ നിരീക്ഷകർ. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് നേടാനായത്. തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ നിന്നും ജയിച്ച ഒ. രാജഗോപാലാണ് ബിജെപിയുടെ ആദ്യ എംഎൽഎയായി നിയമസഭയിൽ താമര വിരിയിച്ചത്.

ഇത്തവണ കടുത്ത മത്സരമാണ് നേമത്ത് നടക്കുക എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. സിറ്റിംഗ് സീറ്റ് നിലനിർത്താൻ മുതിർന്ന നേതാവ് കുമ്മനം രാജശേഖരനെയാണ് പാർട്ടി കളത്തിലിറക്കുന്നത്. പ്രചാരണത്തിൻ്റെ ഭാഗമായി കുമ്മനം നേമം മണ്ഡലത്തിലേക്ക് താമസം മാറിക്കഴിഞ്ഞു.

മണ്ഡലത്തിലെ യുഡിഎഫിൻ്റെ ശക്തി ക്ഷയിച്ചതാണ് ബിജെപിക്ക് നേട്ടമായത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി സുരേന്ദ്രൻ പിള്ളയെ കേവലം 13,860 വോട്ടിലേയ്ക്ക് ഒതുക്കിയാണ് ബിജെപി ജയിച്ച് കയറിയത്. 8671 വോട്ടിനാണ് ഒ. രാജഗോപാൽ മണ്ഡലം പിടിച്ചത്.

എന്നാൽ ഇപ്പോൾ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ രാജഗോപാലിൻ്റെ നേട്ടം ആവർത്തിക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല. മണ്ഡലത്തിൽ മൂവ്വായിരം വോട്ടിൻ്റെ ഭൂരിപക്ഷം മാത്രമാണ് പാർട്ടിക്ക് നേടാനായത്. കടുത്ത മത്സരമാണ് ഇടതുപക്ഷം നേമത്ത് ഉയർത്തുന്നത്. സാമുദായിക സമവാക്യങ്ങൾ മാറിമറിയുന്ന മണ്ഡലത്തിൽ ഇടത് വലത് സ്ഥാനാർത്ഥികളും എത്തുന്നതോടെ ബിജെപിക്ക് മത്സരം കടുകട്ടിയാകും എന്നാണ് വിലയിരുത്തൽ.

Read Previous

40 കർഷക നേതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് കർഷക നേതാക്കൾ

Read Next

അമേരിക്കന്‍ സൂപ്പര്‍ സൂപ്പര്‍ബൗള്‍ മത്സരത്തിനിടെ കര്‍ഷക സമരത്തിന്റെ പരസ്യം

Leave a Reply